pak

ഇസ്ളാമാബാദ്: മതന്യൂനപക്ഷങ്ങൾക്ക് നേരെ പാകിസ്ഥാനിൽ വലിയ അതിക്രമം നടക്കുന്നതായും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായും അമേരിക്കയുടെ നിയുക്ത പാകിസ്ഥാൻ അംബാസിഡർ ഡൊണാൾഡ് അർമിൻ ബ്ളോം. 'മതന്യൂനപക്ഷങ്ങൾ പാകിസ്ഥാനിൽ ഏറെനാളായി വിവേചനം നേരിടുകയാണ്. മതസ്‌പർദ്ധ അടക്കമുള‌ളവ അവർക്ക് എന്നും ഏൽക്കേണ്ടി വരുന്നു. നിയമ വാഴ്‌ചയെ തുരങ്കം വയ്‌ക്കുന്ന ആൾക്കൂട്ട നീതിയും കൊലപാതകവുമുണ്ടാകുന്നു. ഇത് പാകിസ്ഥാന്റെ അന്താരാഷ്‌ട്ര തലത്തിലെ പ്രതിച്ഛായയ്‌ക്ക് വലിയ മങ്ങലാണുണ്ടാക്കുക.' ബ്ളോം അറിയിച്ചു.

രാജ്യത്തെ തീവ്രവാദ പ്രശ്‌നങ്ങളിൽ പരിഹാരത്തിന് പാക് സർക്കാരിനുമേൽ സമ്മർദ്ദം ചെയ്യും. തീവ്രവാദ ഗ്രൂപ്പുകൾക്ക് മേൽ വിവേചനമില്ലാതെ നടപടിയെടുക്കണം. പാകിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി താൻ നിലകൊള‌ളുമെന്നും ബ്ളോം പറയുന്നു.

പാകിസ്ഥാനിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയും തട്ടിക്കൊണ്ടുപോകലും വധഭീഷണിയും ഉണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യം രാജ്യത്ത് ഉറപ്പിക്കാൻ വേണ്ട നടപടിയെടുക്കുമെന്നും ബ്ളോം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പാക് സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്താനാണ് അമേരിക്കയുടെ തീരുമാനം. പ്രസിഡന്റ് ജോ ബൈ‌ഡന്റെ വളരെ വിശ്വസ്‌തനാണ് ബ്ളോം അറിയപ്പെടുന്നത്. ടുണീഷ്യയിലെ അമേരിക്കൻ അംബാസിഡറായിരുന്നു അദ്ദേഹം.