jj

എത്ര മനോഹരമാണല്ലേ
സ്ത്രീ സ്വത്വ
സൃഷ്ടി സ്വനിമകൾ !
തോരാമഴ പോൽ
ആർദ്രത നിറഞ്ഞു പെയ്യും
പെൺമ തൻ അടരുകൾ!!
കൊടുമുടികൾ താണ്ടീടും
മൂല്യമേറും പൊന്നിൻ
പെൺ തിളക്കങ്ങൾ !!!

വേഷ പകർച്ചകളിൽ
തളരാതെ നിറഞ്ഞാടുന്ന
ഉടൽ വിളക്കുകളെ കണ്ടിട്ടില്ലേ?
ജന്മ പ്രകൃതത്തിലൊരു
ചന്ദ്രക്കല വെട്ടമായണിഞ്ഞ
ആ നിഷ്‌കളങ്കതയിലിന്ന്
ചെങ്കതിർ പ്രഭ
തീക്ഷ്ണത ചൊരിയുന്നു
പ്രണയത്തേക്കാൾ
ദൃഢതയേകും
സൗഹൃദത്തിന്റെ
നിഴലുകൾ
സഹന സിന്ദൂരത്തിന്റെ
ആത്മനിർവൃതിയായിരുന്നത്രേ
അണിഞ്ഞവയിലേറെ പ്രിയം
മാതൃത്വത്തിന്റെ വാത്സല്യ നിറവ് അനിർവ്വചനീയം !

പക്ഷെ, ഇതൊന്നുമല്ല
ഊതിക്കെടുത്താൻ
ഇരുളിന്റെ മറവിൽ
പൊയ്മുഖധാരികളേറെയുണ്ട് !
തുടയിടുക്കിൻ ഞരക്കത്തിൽ
ഉടൽ പൊട്ടിയൊഴുകും
പിടയുന്ന ശലഭങ്ങളുടെ
നിറയുന്ന മിഴിനീരിനെ
കണ്ടിട്ടില്ലാത്ത നീച മനസ്സിൻ
ഭീകരഭ്രാന്തൻ കൂട്ടങ്ങൾ !

ചിലപ്പോഴെങ്കിലും
ആ ഖരാക്ഷര മൂർഛയിൽ
പുളഞ്ഞ് ഉടലറ്റു പോകുന്ന പ്രതിസന്ധികളിലെത്തി നിൽക്കുമ്പോൾ
പെൺകരുത്തിൻ വീറോടെ
കാപട്യത്തിന്റെ ആ
മുഖംമൂടികളെ എരിയുന്ന
ചിതയിലേക്കെടുത്തെറിഞ്ഞ്
അതിലെ ഒരു പിടി ചാരം
കൊണ്ട് മുഖം മിനുക്കി
കാലം എടുത്തണിയിച്ച
മുഖാവരണത്തിനുമേൽ
ഒരിക്കലുമണയാത്ത
നാളമായ് ജ്വലിക്കണം
ഓരോ ഉടൽ വിളക്കും ......!