
ബിജ്നോർ: ഉത്തർപ്രദേശ് ബിജ്നോറിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ബിജ്നോർ സ്വദേശി മുഹമ്മദ് ജിഷാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി ടിക്കറ്റെടുക്കാൻ രാമദാസ് ഗിരി നിർദ്ദേശിച്ച നമ്പറിന് സമ്മാനം ലഭിക്കാത്തതിലുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോർ നങ്ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ ഭക്തരാണ് മൃതദേഹം ആദ്യം കണ്ടത് തുടർന്ന് അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. തലയിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നെങ്കിലും കവർച്ചാ ശ്രമമോ മറ്റോ നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുഹമ്മദ് ജിഷാനിലേക്കെത്തിയത്.
ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യ നമ്പറുകൾ പ്രവചിച്ചാണ് രാമദാസ് ഗിരി പ്രശസ്തി നേടിയത്. ഭാഗ്യാന്വേഷികളായ നിരവധിപേർ ഇദ്ദേഹത്തെ സമീപിച്ചിരുന്നു. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയെ സമീപിച്ചത്.
മൊബൈൽ ഫോണും 51,000 രൂപയും നൽകിയാണ് ജിഷാൻ രാമദാസ് ഗിരിയിൽ നിന്നും ഭാഗ്യനമ്പറുകൾ വാങ്ങിയത്. ശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങിയിരുന്നു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ ജിഷാന് ഒരു സമ്മാനം പോലും ലഭിച്ചില്ല. ഇക്കാരണത്താൽ ജിഷാൻ രാമദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്തതെന്ന് ബിജ്നോർ പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് അറിയിച്ചു.