kohli

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ് മാത്രമാണ് തന്നെ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ വിവരം അറിയുന്നതെന്ന് വിരാട് കൊഹ്‌ലി. ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് നേരത്തെ ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നും കൊഹ്‌ലി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനവുമായി ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകുന്നതിന് വേണ്ടി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കൊഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പായി ടീമിനെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി സെലക്ടർമാർ തന്നെ വിളിച്ചിരുന്നെന്നും അഞ്ച് മിനിട്ട് നീണ്ടുനിന്ന ഫോൺ സംഭാഷണത്തിന്റെ അവസാനം തന്നെ ഏകദിന ടീമിന്റെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് നീക്കാൻ സെലക്ടർമാർ തീരുമാനിച്ചെന്ന് അറിയിച്ചതായും കൊഹ്‌ലി പറഞ്ഞു.

താൻ ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം സെലക്ടർമാരെയും ബി സി സി ഐയേയും അറിയിച്ചപ്പോൾ തന്നെ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും നായകനായി തുടരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നെന്ന് കൊഹ്‌ലി സൂചിപ്പിച്ചു. എന്നാൽ അന്തിമ തീരുമാനം സെലക്ടർമാർക്ക് വിട്ടുകൊടുത്ത് കൊണ്ടാണ് തന്റെ നിലപാട് ബി സി സി ഐക്കു മുന്നിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഏകദിനങ്ങളിൽ നിന്ന് താൻ വിശ്രമം ആവശ്യപ്പെട്ടു എന്ന രീതിയിൽ വന്ന വാർത്തകൾ തെറ്റാണെന്നും താൻ അത്തരമൊരു ആവശ്യവുമായി ആരെയും സമീപിച്ചിട്ടില്ലെന്നും കൊഹ്‌ലി പറഞ്ഞു.