.

maldives

യാത്ര ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഒന്നു കണ്ണോടിച്ചുനോക്കിയാൽ കാണാം കൂടുതൽപ്പേരും പങ്കുവയ്ക്കുന്നത് ഈ സുന്ദരദ്വീപിലെ കാഴ്ചകളാണ്. സൗത്ത് ഇന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും ഒരുപോലെ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഈ മനോഹര സ്ഥലം ആരുടെയും മനം കവരുമെന്നത് തീർച്ചയാണ്. അവധിക്കാലം ആഘോഷിക്കുവാനും തിരക്കുകൾക്കിടയിൽ അൽപ്പം ബ്രേക്ക് എടുക്കുവാനുമൊക്കെ ഇവിടെ എത്തുന്നവർ നിരവധി. പറഞ്ഞുവരുന്നത് മാലദ്വീപിനെ കുറിച്ചാണ്. നീലക്കടലിന്റെ ഇളം ചൂടിൽ മനം കുളിർക്കുവാനും മികച്ച സൗകര്യങ്ങളുള്ള റിസോർട്ടുകളിൽ താമസിച്ച് റിലാക്‌സ്ഡ് ആകാനും ഇവിടം നല്ലൊരു ഓപ്ഷനാണ്.

maldives

അടിപൊളി കാഴ്ചകളും ഭക്ഷണവും താമസ സൗകര്യങ്ങളും ഉൾപ്പടെ സഞ്ചാരികൾക്ക് വേണ്ടതെല്ലാം മാലദ്വീപിലുണ്ട്. ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും താമസിച്ച് അവധിക്കാലം അടിച്ചുപൊളിക്കാം. പാർട്ട്‌ണറുമൊത്ത് റൊമാന്റിക് നിമിഷങ്ങൾ പങ്കുവയ്ക്കാനെത്തുന്നവരും ഏറെയാണ്. അത്യാഡംബരം മുതൽ പോക്കറ്റിലൊതുങ്ങുന്ന താമസസൗകര്യങ്ങളും ലഭ്യമായതിനാൽ സാധാരണക്കാർക്കും ഇവിടം അഫോർഡബിൾ ആണ്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

കടൽ അകത്തേക്ക് കയറിക്കിടക്കുന്ന ലഗൂണുകളാണ് മാലദ്വീപിന്റെ മുഖ്യ ആകർഷണം. വെള്ള മണൽ വിരിച്ച കടൽത്തീരങ്ങളും നീല നിറം തുളുമ്പുന്ന ശുദ്ധമായ കടലുമാണ് മാലദ്വീപിലേയ്ക്ക് സഞ്ചാരികളെ മാടിവിളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രം കൂടിയാണ് ഇവിടം. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചുദ്വീപുകളുടെ സംഗമസ്ഥലമായ മാലദ്വീപിലേക്ക് സങ്കീർണമായ വിസ നടപടികൾ ഒന്നുമില്ലാതെ തന്നെ ചെന്നെത്താം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ മുപ്പത് ദിവസം വരെ ഇവിടെ ചിലവഴിക്കാനാകും.

maldives

1200 ഓളം കൊച്ചുദ്വീപുകൾ ചേർന്നതാണ് മാലദ്വീപ്. അതിൽ ആൾതാമസമുള്ളത് 200 എണ്ണത്തിൽ മാത്രം. ഇതിൽ അൻപതെണ്ണത്തിൽ മാത്രമാണ് അതിഥികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മുപ്പതോളം അതിഥിമന്ദിരങ്ങളുള്ള മാഫുഷി ദ്വീപിലേക്കാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. സർഫിങ്ങിനോട് കമ്പമുള്ളവർക്ക് ഗുറൈധൂ ദ്വീപ് തിരഞ്ഞെടുക്കാം. നാളികേരവും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന മാലദ്വീപിയൻ സ്പെഷ്യൽ ചോക്ളേറ്റുകൾ ഇവിടെ ലഭിക്കും. ഓരോ ദ്വീപും വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളുമാകും ഓരോ സഞ്ചാരിക്കും സമ്മാനിക്കുക.

maldives