
നയ്റോബി: ലോകം മുഴുവൻ ചർച്ചയാവുകയാണ് മരണത്തിലും കെട്ടിപ്പുണർന്നു കിടക്കുന്ന ആറ് ജിറാഫുകളുടെ ചിത്രം. കെനിയയിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന വരൾച്ചയെ ഇതിലും വ്യക്തമായി പറയുന്ന ഒരു ചിത്രമുണ്ടാകില്ല.
ഒരു കുടുംബത്തിലെ ആറ് ജിറാഫുകളാണ് മരിച്ചുകിടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാലായിരത്തിൽപ്പരം മൃഗങ്ങൾ ഇനിയും വരൾച്ച ബാധിച്ച് മരിക്കുമെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പുണ്ട്. വാജിറിലെ സാബുലി വൈൽഡ് ലൈഫ് കൺസർവേൻസിയിൽ നിന്നും ഈദ് റാം എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വേദന തീർക്കുന്നത്.

പ്രദേശത്ത് വെള്ളത്തിന്റെ ചെറിയ സാന്നിദ്ധ്യമെങ്കിലും ശേഷിക്കുന്ന ജലാശയിൽ നിന്നും ദാഹം മാറ്റാൻ ശ്രമിക്കുന്നതിനിടയിലാകണം ഇവർ ചെളിയിൽ കുടുങ്ങി മരണപ്പെടുന്നത്. മൃഗങ്ങൾക്ക് മാത്രമല്ല ജനങ്ങൾക്കും ഒരിറ്റ് കുടിവെള്ളം കിട്ടുന്ന ഏകമാർഗമാണ് ആ ജലാശയം.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ കുറഞ്ഞ അളവിലാണ് കെനിയയിൽ മഴക്കിട്ടിയത്. നവംബറിൽ കെനിയയിൽ വരൾച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 21 ലക്ഷത്തോളം മനുഷ്യരും ഇവിടെ പട്ടിണിയിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.