
ലക്നൗ: വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സി.ആർ.പി.എഫ് ഏറ്റെടുത്ത് നടത്തി. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ കേണൽ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സി.ആർ.പി.എഫ് ജവാൻമാർ സഹോദരന്റെ സ്ഥാനത്ത് നിന്ന് ഏറ്റെടുത്ത് നടത്തിയത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ വച്ചായിരുന്നു ശൈലേന്ദ്ര പ്രതാപിന്റെ സഹോദരി ജ്യോതിയുടെ വിവാഹം നടന്നത്.
മുതിർന്ന സഹോദരന്മാർ എന്ന നിലയിൽ സി.ആർ.പി.എഫ് ജവാന്മാർ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സി.ആർ.പി.എഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധുവിനെ മണ്ഡപത്തിലേക്ക് ആനയിക്കുന്ന 'മണ്ഡലാപ്' എന്ന ചടങ്ങ് നടത്തുന്ന യൂണിഫോം അണിഞ്ഞ ജവാൻമാരുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. സാധാരണ വധുവിന്റെ സഹോദരന്മാരാണ് ഈ ചടങ്ങുകൾ ചെയ്യുന്നത്. നവ ദമ്പതികളെ അനുഗ്രഹിച്ച് സമ്മാനങ്ങളും നൽകിയ ശേഷമാണ് അവർ മടങ്ങിയത്.
"എന്റെ മകൻ ഇന്ന് ഈ ലോകത്തില്ല പക്ഷേ സി.ആർ.പി.എഫ് യൂണിഫോം അണിഞ്ഞ ഒരുപാട് ആൺമക്കൾ ഇന്ന് ഞങ്ങൾക്കൊപ്പമുണ്ട് " - ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ പിതാവ് പറഞ്ഞു.