sun

ജനീവ: ശാസ്ത്രലോകത്തിന് ഇനിയും പിടി തരാത്ത ഒരു പ്രതിഭാസമാണ് സൂര്യനും അതിന് ചുറ്റമുള്ള അന്തരീക്ഷവും. കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിൽ ഇതു വരെ മനുഷ്യനിർമിതമായ ഒരു ബഹിരാകാശ പേടകത്തിനും പ്രവേശിക്കുവാൻ സാധിച്ചിട്ടില്ല. എന്നാൽ ആ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് നാസ. അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ സമ്മേളനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

2018ൽ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് എന്ന ബഹിരാകാശ പേടകമാണ് സൂര്യന്റെ കോറോണയിൽ പ്രവേശിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ ഭൂമിയിൽ എത്താൻ നിരവധി മാസങ്ങളെടുത്തെന്നും ലഭിച്ച വിവരങ്ങൾ ഉറപ്പാക്കാൻ വീണ്ടും സമയമെടുത്തെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

കൊറോണയിൽ ഏകദേശം അഞ്ച് മണിക്കൂറോളം മാത്രമാണ് ബഹിരാകാശ പേടകം ചെലവിട്ടതെന്നും എന്നാൽ ഈ അഞ്ച് മണിക്കൂർ കൊണ്ട് വലിയൊരു പ്രദേശത്തെ നിരീക്ഷിക്കാൻ പേടകത്തിന് സാധിച്ചെന്നും നാസയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. സെക്കൻഡിൽ 100 കിലോമീറ്ററിലേറെ വേഗതതയിലാണ് പേടകം സഞ്ചരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിൽ ബഹിരാകാശ പേടകം വീണ്ടും കൊറോണയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. കഴിഞ്ഞ മാസവും കൊറോണയുടെ അടുത്ത് വരെ പേടകം എത്തിയിരുന്നുവെങ്കിലും അകത്ത് പ്രവേശിക്കാൻ സാധിച്ചില്ലെന്നും അവർ അറിയിച്ചു.