പേരും പെരുമയുമുള്ള കള്ളനെ തേടി പൊലീസ് നടത്തിയ യാത്രയാണിത്. കേരളത്തിന്റെ മനസിൽ ഇന്നും വീരപരിവേഷത്തോടെ ജീവിക്കുന്ന സാക്ഷാൽ കായംകുളം കൊച്ചുണ്ണിയാണ് ആ കള്ളൻ. കൊച്ചുണ്ണിയുടെ ജീവിതത്തിലൂടെ, പറഞ്ഞു പ്രചരിക്കപ്പെട്ട കഥകളുടെ സത്യാവസ്ഥ തേടി വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം ഡി.സി.പി ഡോ. എ.നസീം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്...
നന്മ നിറഞ്ഞ കള്ളൻ, ന്യായീകരിക്കാവുന്ന കാരണങ്ങൾക്ക് വേണ്ടി മുതൽ മോഷ്ടിച്ചവൻ... പൊലീസ് ഡയറിയിലെ ക്ലീൻ ചിറ്റിനുടമ കായംകുളം കൊച്ചുണ്ണിക്ക് പുറകെയുള്ളയുള്ള സഞ്ചാരം കേരള പൊലീസ് ഇന്നും അവസാനിപ്പിച്ചിട്ടില്ല. സംസ്ഥാനത്തെ ആദ്യ കസ്റ്റഡി മരണമെന്ന് കരുതപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെ യഥാർത്ഥ ജീവിതം അക്ഷരങ്ങളിലൂടെ വായനക്കാരിലെത്തിക്കാനുള്ള നിയോഗം തേടിയെത്തിയത് കൊച്ചുണ്ണി ഏറെക്കാലം ഒളിവിൽപ്പാർത്ത കൊല്ലം വവ്വാക്കാവിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ഡി.സി.പി ഡോ. എ.നസീമിനാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നുൾപ്പടെ കുട്ടിക്കാലം മുതൽ കേട്ടുതുടങ്ങിയ കൊച്ചുണ്ണിക്കഥകളുടെ യാഥാർത്ഥ്യം തേടി കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടരുന്ന പഠനയാത്ര വൈകാതെ 'കായംകുളം കൊച്ചുണ്ണി: ഒരു ഓടനാടൻ വീരഗാഥ" എന്ന പേരിൽ ജീവചരിത്രമായി പുറത്തിറങ്ങും.
കേരളകൗമുദി പകർന്ന വെളിച്ചം
ആലപ്പുഴ നർക്കോട്ടിക്ക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന 2016ലാണ് 'കേരളകൗമുദി" യിൽ പ്രസിദ്ധീകരിച്ച കായംകുളം കൊച്ചുണ്ണിയുടെ ചരമവാർഷികം സംബന്ധിച്ച വാർത്ത നസീമിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പി.എച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി കസ്റ്റഡി മരണങ്ങളെ കുറിച്ച് പഠിക്കുന്ന കാലം. അതൊരു നിയോഗമായിരുന്നു. കേരളത്തിലെ പേരുകേട്ട കള്ളന്റെ യഥാർത്ഥ ജീവിതം അടുത്തറിയണമെന്നും പുസ്തകമാക്കണമെന്നും മനസ് പറഞ്ഞു. ചലച്ചിത്രരംഗത്ത് ലൈൻ പ്രൊഡ്യൂസറായ എ. കബീറിനോട് കാര്യം അവതരിപ്പിച്ചു. ഇരുവരും ചേർന്നാണ് കൊച്ചുണ്ണിയുടെ ചരിത്രം തേടിയുള്ള യാത്ര ആരംഭിച്ചത്.
നിയോഗത്തിന്റെ റൂട്ട് മാപ്പ്
ഔദ്യോഗിക കൃത്യനിർവഹണത്തിന് ശേഷം ലഭിക്കുന്ന ഒഴിവുസമയം പൂർണമായും കൊച്ചുണ്ണിക്കേസിന് വേണ്ടി നീക്കിവയ്ക്കുന്നതാണ് കഴിഞ്ഞ അഞ്ചുവർഷമായി നസീമിന്റെ പതിവ്. ഔദ്യോഗിക പദവിയിൽ തന്നെ തേടിയെത്തിയ സ്ഥലം മാറ്റങ്ങൾ പോലും നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്ന് വിശ്വസിക്കാനാണ് നസീം താത്പര്യപ്പെടുന്നത്. ആലപ്പുഴയിൽ താമസിക്കവേയാണ് കൊച്ചുണ്ണിയുടെ ജീവചരിത്രം എഴുതണമെന്ന ആശയം 'കേരളകൗമുദി" നിമിത്തം മനസിലുദിച്ചത്. ആദ്യം ഒരുവർഷം കൊച്ചുണ്ണിയുടെ ജന്മദേശമായ കായംകുളം കൊച്ചുകുളങ്ങരയിൽ നിന്നാരംഭിച്ച്, ജില്ലയിൽ നിന്ന് ലഭിക്കാവുന്ന പരമാവധി വിവരങ്ങൾ ചേർത്ത് 250 പേജ് തയാറാക്കി.
2019ലാണ് കോട്ടയം അഡീഷണൽ എസ്.പിയായുള്ള സ്ഥലം മാറ്റം. ആ ഡ്യൂട്ടിക്കാലത്താണ്, സുഹൃത്തുക്കളെ സ്വാധീനിച്ച് കൊച്ചുണ്ണിയെ ചതിയിലൂടെ കീഴ്പ്പെടുത്തിയ കാർത്തികപ്പള്ളി തഹസിൽദാരായിരുന്ന ചങ്ങനാശേരി സ്വദേശി പാപ്പാടിയിൽ കുഞ്ഞുപ്പണിക്കരിലേക്കും കൊച്ചുണ്ണിയുടെ കാമുകിയായിരുന്ന വാഴപ്പള്ളി ജാനകിയിലേക്കും എത്തുന്നത്. പ്രാദേശിക ചരിത്രകാരന്മാരുടെയും കുടുംബചരിത്രാന്വേഷണത്തിന്റെയും മറ്റു രേഖകളുടെയും പിൻബലത്തിൽ കോട്ടയത്ത് വച്ച് 450 പേജുകൾ പൂർത്തിയാക്കി. ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് കൊച്ചുണ്ണിയെ പിടിച്ചുകൊടുത്തതെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥാപിക്കാൻ നസീമിന്റെ ഗവേഷണത്തിന് സാധിച്ചു.
അങ്ങനെയിരിക്കേയാണ് അഡീഷണൽ എസ്.പിയായി ആലപ്പുഴയിലേക്കുള്ള തിരിച്ചുവരവ്. ഈ വരവിൽ കൊച്ചുണ്ണിയെ തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുപോകും മുമ്പ് പാർപ്പിച്ചിരുന്ന ഡാണാവ് (ജയിൽ - ഇന്ന് ഹരിപ്പാട് എസ്.എൻ തിയേറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലം) ഉൾപ്പെടെയുള്ള ചരിത്രരേഖകൾ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഡി.സി.പിയായി ചുമതലയേറ്റതും കൊച്ചുണ്ണിയുടെ ജീവിത കഥയിലെ അവസാനരംഗങ്ങളിലേക്കെത്താൻ നസീമിനെ സഹായിച്ചു. ഡാണാപ്പടിയിൽ നിന്ന് കള്ളൻ കൊച്ചുണ്ണിയെ എത്തിച്ചത് തിരുവനന്തപുരത്തെ പന്തിരു ഡാണാവിലായിരുന്നു (പ്രധാന ജയിൽ). ഇന്നത്തെ പൂജപ്പുര സെൻട്രൽ ജയിലല്ല അന്നത്തെ പ്രധാന ജയിൽ. ഇന്ന് സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ഓഫീസാണ് അന്നത്തെ പന്തിരു ഡാണാവ്. തിരുവനന്തപുരം പേട്ട ജുമു അ മസ്ജിദിലാണ് കൊച്ചുണ്ണിയെ ഖബറടക്കിയത്.

അന്വേഷണം ആധികാരികം
കേസ് അന്വേഷണത്തിൽ പുലർത്തുന്ന അതേ ആധികാരികതയും ജാഗ്രതയും പാലിച്ചാണ് കൊച്ചുണ്ണിയുടെ പുറകേ നസീം യാത്ര തിരിച്ചത്. കൊച്ചുണ്ണിയുടെ ജന്മദേശം മുതൽ ഖബറിടം വരെ കണ്ടെത്തിയ ജൈത്രയാത്ര. വില്ലേജ് രേഖകളും റീസർവ്വേ രേഖകളും തലനാരിഴ കീറി പരിശോധിച്ചാണ് ഓരോ വിവരങ്ങളും സ്ഥിരീകരിച്ചത്. കൊച്ചുണ്ണി മോഷണം നടത്തിയ പുല്ലുകുളങ്ങരയിലെ തോപ്പിൽ തറവാട്, കൊച്ചുണ്ണിയുടെ സ്ഥിരം വിഹാരകേന്ദ്രങ്ങൾ തുടങ്ങിയവ പഴയതും പുതിയതുമായ ചിത്രങ്ങളുൾപ്പടെ പുസ്തകത്തിലുണ്ടാവും. കൊച്ചുണ്ണിയുടെ കൊച്ചുമക്കളിൽ ഒരാളായ കായംകുളം ഉമ്മർകുട്ടി മൗലവി ഇസ്ലാംമത പണ്ഡിതനായിരുന്നു. കൊച്ചുണ്ണിയുടെ പൂർവികരും പിൻമുറക്കാരും ഉൾപ്പെടുന്ന വംശാവലിയും തയാറാക്കിയിട്ടുണ്ട്. കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ എല്ലാ സിനിമകളും നാടകങ്ങളും നസീം പഠനവിഷയമാക്കിയിരുന്നു. എന്നാൽ പലതും യഥാർത്ഥ കൊച്ചുണ്ണിയെ അല്ല വരച്ചു കാട്ടിയതെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. ഐതിഹ്യമാലയിൽ പറയുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അന്നത്തെയും ഇന്നത്തെയും അവസ്ഥ താരതമ്യപ്പെടുത്തുന്നതിനും സാധിച്ചിട്ടുണ്ട്. ലഭ്യമായ ചിത്രങ്ങളും കൂട്ടി ചേർത്ത് കൊച്ചുണ്ണിയുടെ കാലഘട്ടത്തിന്റെ കൃത്യമായൊരു ചിത്രം പ്രതിഫലിക്കുന്ന പുസ്തകമായിരിക്കും 'ഒരു ഓടനാടൻ വീരഗാഥ."
നന്മ നിറഞ്ഞവൻ കൊച്ചുണ്ണി
കൊച്ചുണ്ണിയുടെ പ്രധാന മോഷണ വസ്തു നെല്ലായിരുന്നു. അവയെല്ലാം പാവങ്ങളെ സഹായിക്കാൻ വേണ്ടിയുമായിരുന്നു. ആദ്യം ചോദിക്കും.കിട്ടിയില്ലെങ്കിൽ സമയം പറഞ്ഞ് മോഷ്ടിക്കും. ഇതായിരുന്നു കൊച്ചുണ്ണി ശൈലി. അതുകൊണ്ട് തന്നെയാണ് 170 വർഷങ്ങൾക്കിപ്പുറവും കൊച്ചുണ്ണി വീരനായക പരിവേഷത്തിൽ നിലനിൽക്കുന്നത്. കൊച്ചുണ്ണിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കും പുസ്തകത്തിൽ മറുപടിയുണ്ട്. ഭാര്യയ്ക്ക് പുറമേ വാഴപ്പള്ളി ജാനകി എന്നൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു.
അവരുടെ അമ്മയുമായുണ്ടായ വഴക്ക് കൊലപാതകത്തിലാണ് കലാശിച്ചത്. ആ മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയാണ് കൊച്ചുണ്ണി ഒളിവിൽ പോയത്. പിന്നീട് ജാനകി തന്നെയാണ് കൊച്ചുണ്ണിയെ ഒറ്റിക്കൊടുത്തതെന്നും ചരിത്രം. ജയിൽചാടി വന്ന കൊച്ചുണ്ണി ജാനകിയെയും പുതിയ കാമുകനെയും കൊലപ്പെടുത്തിയ കുറ്റത്തിനാണ് വീണ്ടും പിടിക്കപ്പെട്ടത്. അക്കാലത്തെ പല കുടുംബചരിത്രങ്ങളും പഠനവിഷയമാക്കിയിട്ടും അതിൽ ഒന്നിൽപോലും കൊച്ചുണ്ണിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ബഹുമാനപൂർവം അദ്ദേഹം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും നസീം ചൂണ്ടിക്കാട്ടുന്നു.
ഒഴിവുവേളകൾ കൊച്ചുണ്ണിക്കൊപ്പം
ഗവേഷണം ആരംഭിച്ച കാലം മുതൽ ഒഴിവുസമയം മുഴുവൻ കൊച്ചുണ്ണിക്ക് പിന്നാലെയാണ്. തന്റെ ഉറക്കം കെടുത്തിയ കള്ളനെന്നാണ് നസീം കൊച്ചുണ്ണിയെ വിശേഷിപ്പിക്കുന്നത്. കൊച്ചുണ്ണിക്കൊപ്പം നടക്കുന്നതുൾപ്പടെയുള്ള സ്വപ്നങ്ങൾ പതിവായി. കുടുംബത്തിന് നൽകേണ്ട സമയം തന്റെ പാഷന് വേണ്ടി നീക്കി വയ്ക്കുന്നതിൽ ഭാര്യ ഡോ. ബീനയ്ക്കും (പ്രൊഫസർ, നസ്രത്ത് കോളേജ് ഒഫ് ഫാർമസി, തിരുവല്ല) മക്കൾ ആഷിം നോയലിനും നേഹാ നസീമിനും തെല്ലും പരിഭവമില്ല.
''കൊച്ചുണ്ണിക്ക് പിന്നാലെയുള്ള യാത്ര ഒരു നിയോഗമായിരുന്നോ എന്ന് ഞാൻ സംശയിക്കുന്നു. പുസ്തകവും ഭക്ഷണവും മോഷ്ടിക്കുന്നവനെ കള്ളനായി കാണുന്നില്ല. ഒന്ന് അറിവിന് വേണ്ടിയും മറ്റൊന്ന് വിശപ്പ് ശമിപ്പിക്കാനുമുള്ള മോഷണമാണ്. ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ച് കൊച്ചുണ്ണിയുടെ യഥാർത്ഥ ജീവിതം വായനക്കാരിലെത്തിക്കാനാണ് ശ്രമിക്കുന്നത്. അതിൽ നീതി പുലർത്താനായെന്നും വിശ്വസിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള സർക്കാർ അനുമതി ലഭിച്ചുകഴിഞ്ഞു. ഉടൻ പ്രകാശനമുണ്ടാകും."" ഡോ.എ.നസീം സാർത്ഥകമായ ഒരു യാത്രയുടെ നിറവിൽ പറഞ്ഞുനിറുത്തി.