
പച്ചക്കറിയ്ക്ക് പൊള്ളുന്ന വിലയായതോടെ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിയ നിലയിലാണ് ഇന്ന് മിക്ക വീടുകളിലും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നവരെ ഏറെ ആശങ്കപ്പെടുത്തുകയാണ് ഈ തീവില. സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാതെ തരമില്ലാതായിരിക്കുന്നു. ഈ അവസ്ഥയിൽ അൽപ്പമെങ്കിലും ആശ്രയിക്കാവുന്നത് മുട്ട വിപണിയെയാണ്. പച്ചക്കറിയുമായി താരതമ്യം ചെയ്യുമ്പോൾ ആശ്വാസം മുട്ട തന്നെ. അതുകൊണ്ട് തന്നെ മുട്ട വിപണിക്ക് ഡിമാന്റും ഏറുകയാണ്. പച്ചക്കറിക്ക് പകരമാവില്ലെങ്കിലും പോഷകഗുണത്തിൽ മുട്ടയും മുന്നിലാണ്.
കേരളത്തിലെ മുട്ട വിപണി ഏതാണ്ട് പൂർണമായും തമിഴ്നാടിന്റെ കൈയിലാണ്. ഇതിന് ബദലായി കേരളത്തിൽ ഒരു ഘട്ടത്തിൽ കോഴിഫാമുകൾ വിപുലമായെങ്കിലും വർദ്ധിച്ച തീറ്റച്ചെലവുൾപ്പടെ ഒട്ടേറെ ഘടകങ്ങൾ പ്രതികൂലമായതോടെ ഫാമുകൾ അടച്ചുപൂട്ടേണ്ടതായി വന്നു. അതേസമയം വീടുകളിലെ കോഴിവളർത്തലിന് ഇപ്പോൾ അനുകൂല സമയമാണ്. പച്ചക്കറിക്കും മത്സ്യത്തിനും വിലയേറിയതോടെ മുട്ടയാണ് ഇപ്പോൾ കൂടുതൽ വീടുകളിലെയും തീൻമേശയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മുട്ടകൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾ ഏറെയാണ്. നാടൻകോഴി മുട്ടയോടൊപ്പം നാടൻ കോഴിയിറച്ചിക്കും ഇന്നാവശ്യക്കാരേറെയാണ്.
ഹൈടെക്ക് മുട്ടകൃഷിയും ഇന്ന് നിരവധിപ്പേർ പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടിൽ പത്ത് മുതൽ പതിനഞ്ച് കോഴികളെ വരെ വളർത്താം. മുട്ടയുടെ വിപണിമൂല്യം അനുസരിച്ച് എണ്ണവും കൂട്ടാം. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്ന തനി നാടൻ ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്. വർഷത്തിൽ നൂറ് മുട്ടകൾ വരെയാണ് നാടൻ കോഴികളുടെ ഉത്പാദനമെങ്കിലും നാടൻ കോഴിമുട്ടയ്ക്കും ഇറച്ചിക്കും നിലവിൽ നല്ല ഡിമാന്റുണ്ട്.
സ്വദേശി- വിദേശി ഇനങ്ങളെ ജനിതക മിശ്രണം ചെയ്തെടുത്ത അത്യുൽപ്പാദനശേഷിയുള്ള സങ്കരയിനങ്ങളെയാണ് ഇന്ന് കൂടുതലായും മുട്ടക്കോഴി സംരംഭത്തിനായി തിരഞ്ഞെടുക്കുന്നത്. ബി വി 380, ഗ്രാമശ്രീ എന്നീ സങ്കരയിനങ്ങൾക്കാണ് ഇന്ന് വിപണിയിൽ ഡിമാന്റേറെ. കേരള വെറ്ററിനറി സർവകലാശാല വികസിപ്പിച്ചെടുത്ത ഗ്രാമലക്ഷി, ഗ്രാമപ്രിയ എന്നിവയും കൈരളി, ഗിരിരാജ എന്നിവയും മുട്ടക്കോഴി സംരംഭത്തിന് അനുയോജ്യമാണ്.
സ്ഥലപരിമിതികൾ ഉള്ളവർക്കും ഹൈടെക്ക് കൂടുകളിലെ മുട്ടക്കൃഷി പരീക്ഷിക്കാം. ഈ രീതിയിൽ വളർത്താൻ യോജിച്ചത് ബി വി 380 ഇനമാണ്. സമീകൃത ആഹാരമായ ലെയർ തീറ്റ നൽകിയാൽ മുട്ടയുത്പാദനം വർദ്ധിക്കും.