
തിരുവനന്തപുരം : ഏറെ നാളായി തിരുവനന്തപുരം കാത്തിരുന്ന ലുലു മാളിന്റെ ഉദ്ഘാടനത്തിന് തീയതി കുറിച്ചിരിക്കുകയാണ്. നാളെ ഉദ്ഘാടനം ചെയ്യുന്ന മാൾ വരുന്ന വെള്ളിയാഴ്ച രാവിലെ പത്തിനാണ് ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് മുന്നോടിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇന്ന് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു.
തലസ്ഥാനത്ത് ലുലു ആരംഭിക്കുന്നതിന് മുൻപ് കൊച്ചിയിൽ ലുലു ആരംഭിച്ചതിനെ കുറിച്ചാണ് എം എ യൂസഫലി സംസാരിച്ചത്. കൊച്ചിയിൽ ലുലുമാൾ തുറന്നപ്പോൾ നിരവധി പേർ തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത്രയും വലിയ സ്ഥാപനം തുടങ്ങിയാൽ ആളുകൾ വരുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് നിരുത്സാഹപ്പെടുത്തിയവർ ഉയർത്തിയത്. എന്നാൽ സ്വന്തം രാജ്യത്തിൽ ആദ്യം ലുലുമാൾ ആരംഭിക്കുമ്പോൾ അത് ജനിച്ചു വളർന്ന സംസ്ഥാനത്തിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് ലാഭമായാലും നഷ്ടമായാലും മുന്നോട്ട് പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയിലെ തന്നെ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി കൊച്ചി മാറുകയായിരുന്നു. പിന്നീട് ചെന്നൈയിൽ ചെന്നപ്പോൾ രാവിലെ വിമാനത്തിൽ കൊച്ചിയിലെത്തി ലുലുവിൽ ഷോപ്പിംഗ് നടത്തി മടങ്ങിയവരെ കുറിച്ച് അറിയാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാരണം വിവിധ പ്രോജക്ടുകളിൽ കാലതാമസം നേരിട്ടെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം പ്രോജക്ട് നിർമ്മാണം പൂർത്തിയാകുമ്പോൾ ഉദ്ദേശിച്ചതിനെക്കാളും 220 കോടി അധികമായെന്നും അദ്ദേഹം വെളിപ്പെടുത്തി.