
ഗുവാഹത്തി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ വച്ച് നടന്ന ലേലത്തിലാണ് കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയ്ക്ക് അപൂർവയിനം തേയില വിറ്റു പോയത്. മനോഹരി ഗോൾഡ് ടീ എന്നറിയപ്പെടുന്ന ആസാമീസ് തേയിലയാണ് വൻ വിലയ്ക്ക് വിറ്റുപോയത്. അപ്പർ ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ മനോഹരി ടീ എസ്റ്റേറ്റാണ് ഇതിന്റെ ഉൽപാദകർ.
കഴിഞ്ഞ വർഷം 75,000 രൂപയ്ക്കായിരുന്നു ഈ തേയില വിറ്റു പോയത്. ഈ വർഷം വീണ്ടും റെക്കോർഡ് തകർത്ത് അവർ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സൗരവ് ടീ ട്രേഡേഴ്സാണ് ഏറ്റവും ഉയർന്ന വിലയ്ക്ക് മനോഹരി ഗോൾഡ് ടീ വാങ്ങിയത്. പൊതുലേലത്തിൽ തേയിലയ്ക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുകയാണിത്. 2018 ൽ മനോഹരി ഗോൾഡ് ടീ വിറ്റുപോയത് കിലോയ്ക്ക് 39,001 രൂപയ്ക്കാണ്. പിന്നീട് നടന്നിട്ടുള്ള ലേലങ്ങളിലൊന്നും വിലയുടെ കാര്യത്തിൽ ഇതിന്റെ റെക്കോർഡ് ആരും മറികടന്നിട്ടില്ല.
''തേയില ലേലത്തിൽ ഇത് റെക്കോർഡാണ്. 99,999 രൂപയ്ക്ക് തേയില വിറ്റഴിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് സവിശേഷവും അപൂർവവുമായ ചായയാണ്'' ഗുവാഹത്തിയി ടീ ഓക്ഷൻ ബയേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു.
ലേലം 67,000 രൂപയ്ക്കാണ് ആരംഭിച്ചത്. ഒടുവിൽ ഉയർന്ന വിലയ്ക്ക് വിറ്റുപോവുകയായിരുന്നു. വർഷത്തിലൊരിക്കൽ ഉൽപാദിപ്പിക്കുന്ന ഈ തേയില വേനൽകാലത്തിന്റെ തുടക്കത്തിൽ മുളയ്ക്കുന്ന ചിനപ്പുകളിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇലകൾ പറിക്കുന്നതു മുതൽ പായ്ക്കിംഗ് വരെ കൈകാര്യം ചെയ്യുന്നത് വിദഗ്ദ്ധരാണ്. പ്രഭാതങ്ങളിൽ കൈകൾ കൊണ്ട് പറിച്ചെടുക്കുന്ന തളിരുകളിൽ നിന്നാണ് മനോഹരി ഗോൾഡ് ടീ നിർമിക്കുന്നത്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ സുഗന്ധമുള്ള മഞ്ഞകലർന്ന നിറമുള്ള ചായയാണ് ഇത്.