
ജോഹന്നാസ്ബർഗ്: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മുൻപ് കണ്ടെത്തിയ ഡെൽറ്റ പോലെയുളള വകഭേദങ്ങളുടെയത്ര മാരകമാവില്ലെന്ന് പഠനറിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഇൻഷ്വർ സ്ഥാപനമായ ഡിസ്‌കവർ ഹെൽത്തും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ ഗവേഷണ കൗൺസിലുമാണ് രാജ്യത്ത് ഈ പഠനം നടത്തിയത്. അതേസമയം രാജ്യത്തെ മറ്റ് പകർച്ചാവ്യാധിയെക്കാൾ 90 ശതമാനം വേഗം പടർന്നുപിടിക്കുന്നതാണ് ഒമിക്രോണെന്നും പഠനത്തിൽ കണ്ടെത്തി.
വാക്‌സിനുകൾ ഒമിക്രോണിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് പരിശോധിച്ചപ്പോൾ ഫൈസർ വാക്‌സിന് ഒമിക്രോണിനെ പ്രതിരോധിക്കാനുളള കഴിവ് കുറവാണെന്ന് കണ്ടെത്തി. വെറും 33 ശതമാനം മാത്രമാണ് വാക്‌സിന്റെ പ്രതിരോധശേഷി. എന്നാൽ ഇതുമൂലം ആശുപത്രി വാസം ചെറുക്കാൻ സാധിക്കും.
മുൻപൊന്നും കാണാത്തവിധം വേഗത്തിലാണ് ഒമിക്രോൺ വകഭേദം ലോകത്ത് പടരുന്നതെന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രേയ്‌സസ് നൽകുന്ന മുന്നറിയിപ്പ്. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒമിക്രോണിനെ വിലകുറച്ച് കാണരുതെന്നും ലോകരാജ്യങ്ങളെ അദ്ദേഹം അറിയിച്ചു.