
ലക്‌നൗ: കഴിഞ്ഞ വർഷം നവംബർ അഞ്ചിന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ കേണൽ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിന് സഹോദരന്റെ സ്ഥാനത്ത് അണിനിരന്ന് സൈനികർ.
കഴിഞ്ഞദിവസം ഉത്തർപ്രദേശിലായിരുന്നു വിവാഹചടങ്ങ്.
പെങ്ങളുടെ വിവാഹത്തിന് ആചാരപ്രകാരം സഹോദരൻ ചെയ്യേണ്ടതെല്ലാം ഏറ്റെടുത്ത് നടത്തിയത് സി.ആർ.പി.എഫ്. ജവാന്മാരായിരുന്നു.
യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആർ.പി.എഫ്. ട്വീറ്റ് ചെയ്തു. മുതിർന്ന സഹോദരന്മാർ എന്ന നിലയിൽ സി.ആർ.പി.എഫ്. ജവാന്മാർ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തുവെന്നായിരുന്നു തലക്കെട്ട്. വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന 'മണ്ഡലാപ്' എന്ന ചടങ്ങ് നടത്തുന്ന ജവാന്മാരുടെ ചിത്രവും ആ കൂട്ടത്തിലുണ്ടായിരുന്നു. സാധാരണ ഇത് വധുവിന്റെ സഹോദരന്മാരാണ് ചെയ്യാറ്. ചടങ്ങിൽ സംബന്ധിച്ച് വധുവിനെയും വരനെയും അനുഗ്രഹിച്ച് സമ്മാനങ്ങളും നൽകിയാണ് അവർ മടങ്ങിയത്.
'എന്റെ മകൻ ഇന്ന് ഈ ലോകത്ത് ഇല്ല. പക്ഷേ, സി.ആർ.പി.എഫ്. യൂണിഫോം അണിഞ്ഞ, സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളോടൊപ്പം എന്നുമുള്ള ഒരുപാട് ആൺമക്കൾ ഇന്ന് ഞങ്ങൾക്കുണ്ട്.'
-ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ പിതാവ്