
തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. വി.സിക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടികളിലൂടെ വ്യക്തമാക്കുന്നത്. സർക്കാരും ഗവർണറുമായും, ചാൻസലറും പ്രോ ചാൻസലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം വിവാദ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. മാദ്ധ്യമ വിചാരണ വേണ്ടെന്നും അവർ പ്രതികരിച്ചു. ഗവർണർക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് പറഞ്ഞ മന്ത്രി, കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും പ്രതികരിച്ചു. സെർച്ച് കമ്മിറ്റി പിരിച്ചു വിട്ടതിനെ കുറിച്ച് ഗവർണറോട് ചോദിക്കാനും മാദ്ധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി സിയായി തുടരാമെന്ന് പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രായപരിധി ഉൾപ്പടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.