
കരിയർ അവസാനിപ്പിക്കുന്നത് ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന്
മാഡ്രിഡ്: ഒക്ടോബറിൽ നെഞ്ചുവേദനയെത്തുടർന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണിരുന്ന ബാഴ്സലോണയുടെ അർജന്റീനിയൻ ഫുട്ബാളർ സെർജി അഗ്യൂറോ കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് കളിക്കളത്തിൽ തുടരുന്നത് ദോഷമാകുമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് 33കാരനായ താരം ഈ തീരുമാനമെടുത്തത്. ഈ സീസണിന്റെ തുടക്കത്തിലാണ് അഗ്യൂറോ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്സലോണയിലെത്തിയത്.
18 വർഷത്തോളം നീണ്ട കരിയറിൽ 400ലധികം ഗോളുകൾ നേടിയ താരമാണ് മറഡോണയുടെ മരുമകൻ കൂടിയായ അഗ്യൂറോ.
2003 ൽ അർജന്റീനിയൻ ക്ളബ് ഇൻഡിപെൻന്റിറ്റിലൂടെയാണ് കരിയർ തുടങ്ങിയത്.
2006 മുതൽ 11 വരെ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ കളിച്ചു
175 മത്സരങ്ങളിൽ നിന്ന് 74 ഗോളുകൾ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി നേടി.
2011ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി.390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകൾ നേടി ക്ളബിന്റെ ടോപ് സ്കോററായി.
12 ഹാട്രിക്കുകളടക്കം 184 ഗോളുകളാണ് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ അടിച്ചുകൂട്ടിയത്.പ്രിമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശതാരമാണ്. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരം.
നാലുമത്സരങ്ങളിൽ മാത്രമാണ് അഗ്യൂറോയ്ക്ക് ബാഴ്സലോണയുടെ കുപ്പായത്തിൽ കളിക്കാനായത്. ഒരു ഗോൾ നേടി.
അണ്ടർ 17 തലം മുതൽ അർജന്റീനാ ദേശീയ ടീമിൽ കളിച്ചു.101 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി 41 ഗോളുകൾ നേടി.