
വടക്കഞ്ചേരി: വടക്കഞ്ചേരി പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കിഴക്കേപാളയം സുബ്രഹ്മണ്യന്റെ മകൻ ശിവനാണ് (40) വെട്ടേറ്റത്. ആർ.എസ്.എസ് പ്രവർത്തകനായ കിഴക്കേപാളയം വിനോദാണ് (25) സംഭവത്തിന് പിന്നിൽ. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ പാളയത്ത് റോഡിൽ വച്ചാണ് ആക്രമണം. കടയിൽ പോയി തിരിച്ച് വരുകയായിരുന്ന ശിവനെ വിനോദ് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈ കാലുകൾക്കും വെട്ടേറ്റ ശിവനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് ആർ.എസ്.എസ് നേതൃത്വവും പ്രതികരിച്ചു. സംഭവശേഷം രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മുൻപ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ആർ.എസ്.എസ് സംഘം നടത്തിയ ആക്രമണത്തിനിടെ വയോധികൻ കൊല്ലപ്പെട്ട കേസിലെ പ്രധാനസാക്ഷിയാണ് ശിവൻ. ഈ കേസിന്റെ വിധി വരാനിരിക്കെയാണ് ആക്രമണം. ഒരുമാസം മുമ്പ് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് മുന്നിൽ കോഴിയെ കൊന്ന് കെട്ടി തൂക്കിയ കേസിലെ പ്രതിയാണ് വിനോദ്. ഈ കേസിൽ റിമാൻഡിലായ ശേഷം കഴിഞ്ഞ് ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. ചിറ്റൂർ എ.എസ്.പി പഥംസിംഗ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ശ്രീനിവാസൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹൻ, നെന്മാറ സി.ഐ എ. ദീപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.