kk

റിയാദ് ∙ അറബ് - ഇസ്‌ലാമിക രാജ്യങ്ങളിലെ പാരമ്പര്യ കലകളിലൊന്നായ അറബി കാലിഗ്രാഫി യുനെസ്‌കോ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ 16 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ, യു.എൻ എഡ്യുഷനൽ-സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന് നൽകിയ നാമനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുനെസ്കോയുടെ അംഗീകാരം.

സൗന്ദര്യവും ഭംഗിയും ഐക്യവും പ്രകടമാകുന്ന കലാപരമായ കൈയെഴുത്ത് കലയാണ് അറബിക് കാലിഗ്രഫി എന്ന് യുനെസ്‌കോ പറഞ്ഞു. അക്ഷരങ്ങൾ കൊണ്ട് നീട്ടിയും കുറുക്കിയും വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കാനും ഒരു വാക്കിനുള്ളിൽ പോലും അനന്തമായ സാധ്യതകൾ പ്രദാനം ചെയ്യാനും അറബിക് കാലിഗ്രഫിക്ക് കഴിയുന്നു. സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ-സൗദ് തീരുമാനത്തെ സ്വാഗതം ചെയ്തു. വലിയൊരു സാംസ്കാരിക പൈതൃകം വികസിപ്പിക്കുന്നതിന് ഈ അംഗീകാരം സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അറബ്, ദേശീയ സ്വത്വത്തിന്റെ പ്രതീകമായ അറബി കാലിഗ്രാഫി സൗദി ചരിത്രത്തിലേക്ക് ആഴത്തിൽ ഇഴചേർന്നതാണ്. ഈ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത്, സാംസ്കാരിക മന്ത്രാലയം 2020 ലും 2021 ലും അറബിക് കാലിഗ്രാഫി വർഷമായി പ്രഖ്യാപിച്ചിരുന്നു.