
തിരുവനന്തപുരം : ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ഇത് കലക്കി ആശംസകൾ. പക്ഷേ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മതവർഗീയതക്ക് ഹാലിളകിയിട്ടുണ്ട്. വോട്ട് ബാങ്കാണ്, വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ. എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ, അഭിവാദ്യങ്ങൾ' ഹരീഷ് പേരടി പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പുതിയ യൂണിഫോമായ പാന്റും ഷര്‍ട്ടും അണിഞ്ഞാണ് ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പി.ടി.എയുടെയും അദ്ധ്യാപകരുടെയും തീരുമാനത്തെ പൂര്‍ണമായി സ്വാഗതം ചെയ്തിട്ടുണ്ട്. ഒന്നാം വര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമാണ് പുതിയ യൂണിഫോം ധരിച്ചെത്തിയത്.