saudi-

റിയാദ് : ഇന്ത്യയിൽ നിന്ന് മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സൗദിയിലേക്ക് വരുന്നതിനുള്ള തടസങ്ങൾ ഒഴിവാകുന്നു. നിലവിൽ സൗദിക്ക് പുറത്ത് നിന്ന് വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും സൗദിയിലേക്ക് നേരിട്ടെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് മാത്രമാണ് പുതിയ വ്യവസ്ഥ.

നാട്ടിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയായവർക്ക് സൗദിയിൽ നിന്ന് ബൂസ്റ്റർ ഡോസ് ലഭിക്കാനും അവസരമുണ്ട്. നാട്ടിൽ വെച്ച് എടുക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം സൗദിയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ മാനദണ്ഡമാക്കുന്നില്ല. സൗദിയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് നാട്ടിൽ പോയി വരുന്നവർക്ക് മാത്രമാണ് തവക്കൽന അപ്‌ഡേഷനും സൗദി വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും വിമാനതാവളങ്ങളിൽ കാണിക്കേണ്ടി വരിക.

അല്ലാത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് രേഖയാണ് പ്രധാനം. നാട്ടിൽ നിന്ന് വാക്‌സിനെടുക്കാത്തവർക്ക് സൗദിയിൽ നിന്ന് സൗജന്യമായി വാക്‌സിൻ ലഭിക്കും. ഭാഗികമായി വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് തുടർന്നുള്ള ഡോസുകളും സൗജന്യമായി ലഭിക്കും. ഇമ്യൂണാകാത്തവർക്ക് സൗദിയിലെത്തിയ ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കുകയും ചെയ്യും. നിലവിൽ സൗദിയിൽ നിന്നും നാട്ടിലേക്ക് ദീർഘ അവധിക്ക് പോകുന്നവർ മൂന്നാം ഡോസ് എടുത്ത് പോകുന്നതാകും ഉചിതമെന്നും അധികൃതർ അറിയിച്ചു. .