speakapp

 വോയിസ് അധിഷ്‌ഠിത സോഷ്യൽ മീഡിയ ആപ്പുമായി മലയാളി യുവാക്കൾ

കൊച്ചി: പറയാനുള്ളത് ഇനി പറഞ്ഞുതീർക്കാം, കേൾക്കാനുള്ളത് കേട്ടും! വോയിസ് അധിഷ്‌ഠിത സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം പുറത്തിറക്കിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. പേര് സ്പീക്ക്ആപ്പ്. ഗൂഗിൾ പ്ളേസ്റ്റോറിലും ആപ്പിൾ സ്‌റ്റോറിലും ഡൗൺലോഡ് ചെയ്യാം; സൗജന്യമായി.

സ്പീക്ക്ആപ്പിലൂടെ ഷെയർ ചെയ്യുന്ന ഫോട്ടോ, വീഡിയോ, സ്‌റ്റോറീസ് എന്നിവയ്ക്ക് വോയിസ് ക്യാപ്‌ഷൻ നൽകാമെന്നതാണ് കോട്ടയം സ്വദേശി അലൻ എബ്രഹാം, മാവേലിക്കര സ്വദേശി ആർ. വരുൺ എന്നിവർ രൂപംനൽകിയ സ്‌പീക്ക്ആപ്പിനുള്ളത്. ഇവർക്കൊപ്പം ഗുജറാത്ത് സ്വദേശി ജൻകറും അണിയറയിൽ പ്രവർത്തിച്ചു. അലൻ സ്ഥാപക സി.ഇ.ഒയും വരുൺ ചീഫ് മാർക്കറ്റിംഗ് ഓഫീസറും (സി.എം.ഒ) ജൻകർ ചീഫ് ടെക്‌നോളജി ഓഫീസറുമാണ് (സി.ടി.ഒ).

അലന്റെ മനസിലാണ് ശബ്ദാധിഷ്‌ഠിത ആപ്പ് എന്ന ആശയം ഉദിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ സ്‌പീക്ക്ആപ്പ് സ്‌റ്റാർട്ടപ്പ് ഇൻകുബേറ്റ് ചെയ്‌തത്. ചെറിയതുക മൂലധനത്തോടെയായിരുന്നു തുടക്കം. പിന്നീട് പലരിൽ നിന്നായി മൂലധനം സമാഹരിച്ചു. ഇപ്പോൾ കമ്പനിക്ക് 25 കോടി രൂപ മൂല്യമുണ്ട്.

ടൈപ്പ് ചെയ്യേണ്ടതില്ല, വായിച്ചുസമയം കളയേണ്ടതില്ല എന്നീ മികവുകളാണ് അനായാസം ആർക്കും ഉപയോഗിക്കാവുന്ന സ്പീക്ക്ആപ്പിനുള്ളത്. ലോഞ്ച് ചെയ്‌ത് ആഴ്ചകൾക്കകം തന്നെ 8,000ലേറെ ഡൗൺലോഡുകൾ സ്പീക്ക്ആപ്പിന് ലഭിച്ചു; എല്ലാവരും ആക്‌ടീവ് യൂസർമാരാണ്. വീട്ടമ്മമാർ മുതൽ ഫുഡ് ബ്ളോഗർമാർവരെ അക്കൂട്ടത്തിലുണ്ട്. പ്രതിമാസം ഒരുലക്ഷം ഡൗൺലോഡ് നേടുകയും അതിന്റെ പിൻബലത്തിൽ കൂടുതൽ ഫണ്ട് സമാഹരിച്ച്, കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് സി.എം.ഒ ആർ. വരുൺ പറഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധനേടുന്ന ഇന്ത്യൻ ആപ്പെന്ന പെരുമ സ്വന്തമാക്കുകയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ്: https://www.speakapp.app/