
തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ കേരളം. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവർക്ക് കൊവിഡ് പരിശോധന നടത്തും. പോസിറ്റീവായാൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കും. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചർച്ച നടത്തും.
സംസ്ഥാനത്ത് ഇന്നലെ നാല് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലും എറണാകുളത്ത് കോംഗോയിൽ നിന്നെത്തിയ ആളിലും നേരത്തെ ഒമിക്രോൺ ബാധിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
തമിഴ്‌നാട്ടിലും ഒമിക്രോൺ സ്ഥിരീകരിച്ചു
ദോഹ വഴി ചെന്നൈയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗബാധിതനൊപ്പം യാത്ര ചെയ്ത വ്യക്തിക്കും, ആറ് ബന്ധുക്കൾക്കും കൊവിഡ് പോസിറ്റീവാണ്. ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചതായി അധികൃതർ അറിയിച്ചു.