arrest

വാഷിംഗ്ടൺ: പിഞ്ചുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ബാറിൽ പോയ യുവതി അറസ്റ്റിൽ. ഇരുപത്തിയേഴുകാരിയായ പെറിയ ആണ് അറസ്റ്റിലായത്. സഹോദരങ്ങളെ നോക്കണമെന്ന് പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ എട്ടുവയസുകാരനായ മൂത്ത കുട്ടിയെ ഏൽപിച്ചാണ് യുവതി പോയത്.

കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള സംഘം വീട്ടിലെത്തിയതോടെയാണ് അമ്മ വീട്ടിൽ ഇല്ലെന്ന വിവരം മനസിലാവുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എത്തുമ്പോൾ സഹോദരങ്ങൾക്ക് ഭക്ഷണമായി പിസ നൽകുകയായിരുന്നു മൂത്തകുട്ടി. ഇത്രയും ചെറിയ കുട്ടികൾക്ക് എന്തിനാണ് പിസ കൊടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അവർക്ക് എന്താണ് നൽകേണ്ടതെന്ന് അറിയില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി.

ഈ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയിൽ പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തിയത്. പിഞ്ചുകുട്ടികളെ വീട്ടിൽ തനിച്ചാക്കി പോയെതെന്തിനാണെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വീടിന്റെ സമീപത്തുള്ള ബാറിൽ പുതിയതായി പ്രഖ്യാപിച്ച ഓഫർ നോക്കാൻ പോയതാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ കുട്ടികളോടുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത് പെറിയയുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലായി. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.