
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥയെ ആക്രമിച്ച പൊലീസുകാരനെതിരെ കേസ്. എറണാകുളം കളമശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി എസ് രഘുവിനെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. കൂത്താട്ടുകുളം പാലക്കുഴയിലെ സുലോചനയുടെ പരാതിയിലാണ് നടപടി. രഘുവിന്റെ ഭാര്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ക്ഷേമ പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞ് സുലോചനയുടെ ഗൾഫിലുള്ള മകനോട് ഫേസ്ബുക്കിലൂടെ രഘു പണം ചോദിച്ചിരുന്നു. അവിടത്തെ സംഘടനയുടെ നേതൃത്വത്തിൽ പല തവണ രഘുവിന് പണം നൽകി. കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായപ്പോൾ നാട്ടിലെത്തി പണം തിരികെ ചോദിച്ചു. ഇതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
പരാതി നൽകും എന്ന് ഉറപ്പായതോടെയാണ് പൊലീസുകാരൻ വീട്ടിൽ കയറി ഉപദ്രവിച്ചത്. ഡിസംബർ ഏഴിനായിരുന്നു സംഭവം. പാലക്കുഴയിലെ വീട്ടിലെത്തിയ പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തുകയും, പിന്നീട് ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. നേരത്തെയും രഘുവിനെതിരെ പല വിവാദങ്ങളും ഉണ്ടായിരുന്നു. പത്ത് മാസത്തോളം സസ്പെൻഷനിലായിരുന്നു.