
കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയറുടെ ഫ്ലാറ്റിൽ നടത്തിയ റെയിഡിൽ 17 ലക്ഷം രൂപ കണ്ടെടുത്തു. പന്തളം, മങ്ങാരം മദീനയിൽ എ.എം. ഹാരിസിനെയാണ് (51) കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് ഫ്ലാറ്റിൽ നടത്തിയ റെയിഡിൽ അരിക്കലത്തിലും പ്രഷർ കുക്കറിലും കിച്ചൺ കാബിനറ്റിലും ഒളിപ്പിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. കോട്ടയത്തെ വ്യവസായിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് ഹാരിസ് പിടിയിലായത്.
പാലാ പ്രവിത്താനം പി.ജെ ട്രെഡ് ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകൾ ഇന്നലെ രാവിലെ ഓഫീസിൽ കൈപ്പറ്റുന്നതിനിടയിലായിരുന്നു അറസ്റ്റ്. സ്ഥാപനത്തിനെതിരെ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും ലൈസൻസ് പുതുക്കി നൽകിയില്ല. നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നും പിന്നീട് വന്ന ഹാരീസ് 25,000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് ജോബിൻ സെബാസ്റ്റ്യൻ വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.
കണ്ടെടുത്ത 17 ലക്ഷം രൂപയ്ക്ക് പുറമെ ബാങ്ക് നിക്ഷേപമായി 18 ലക്ഷം രൂപയും ആലുവയിൽ 80 ലക്ഷം വിലമതിക്കുന്ന ഫ്ലാറ്റും കൂടാതെ തിരുവനന്തപുരത്ത് 33 സെമ്റ് സ്തലവും 2000 സ്ക്വയർ ഫീറ്റ് വീടും ഉള്ളതായും വിജിലൻസ് കണ്ടെത്തി. കൂടാതെ റഷ്യ, ജർമനി, ഉഗാണ്ട തുടങ്ങി പത്തിലേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായും രേഖകൾ ലഭിച്ചു. ആലുവയിലെ ഫ്ലാറ്റിൽ രണ്ട് ലക്ഷത്തിന്റെ ടെലിവിഷനും ഒന്നര ലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. വിജിലൻസ് ഡി.വൈ.എസ്.പി മാരായ കെ.എ.വിദ്യാദരൻ (കോട്ടയം യൂണിറ്റ്) , എ.കെ. വിശ്വനാഥൻ (റേഞ്ച്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും.