
ന്യൂഡൽഹി: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ൽ നിന്നും 21 ആയി ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടയിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ, ജനസംഖ്യാനിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയവ ലക്ഷ്യം വച്ചാണ് നടപടി.
പ്രായപരിധി ഉയർത്തുന്നതിന്റെ ഭാഗമായി ശൈശവ വിവാഹ നിരോധന നിയമത്തിലാകും ആദ്യം ഭേദഗതി വരുത്തേണ്ടത്. നിലവിൽ പുരുഷന്മാരുടെ കുറഞ്ഞ വിവാഹപ്രായം 21 വയസാണ്.