
ന്യൂഡൽഹി: 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യക്കു മുന്നിൽ അടിയറവ് പറഞ്ഞതിന്റെ വാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയേയും ഓർക്കണമെന്ന് കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. തന്റെ ഭർത്തൃമാതാവിനെ അഭിമാനത്തോടെ ഓർത്ത സോണിയ, ബംഗ്ളാദേശിന് സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റ് ലോകരാജ്യങ്ങളെ ബോധവാന്മാരാക്കുന്നതിൽ ഇന്ദിര ഗാന്ധി വളരെ വലിയ പങ്കാണ് വഹിച്ചതെന്നും സൂചിപ്പിച്ചു. അമ്പത് വർഷം മുമ്പ് ബംഗ്ളാദേശിലെ ധീരരായ ജനത സ്വാതന്ത്ര്യം നേടിയെടുത്തുവെന്നും അവരോടൊപ്പം നിന്ന ഇന്ത്യ ഒരു കോടിയോളം വരുന്ന അഭയാർത്ഥികൾക്ക് അഭയമായി തീർന്നുവെന്നും സോണിയ പറഞ്ഞു. വിജയ് ദിവസിൽ ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യ സമരസേനാനികളെയും ഓർക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
1971 ഡിസംബർ 16ന് 92000ഓളം പാകിസ്ഥാൻ സൈനികർ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങുകയും അന്നത്തെ കിഴക്കൻ പാകിസ്ഥാൻ ആയിരുന്ന ബംഗ്ളാദേശിനെ പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു. ഇന്നേ ദിവസം വിജയ് ദിവസായി ഇന്ത്യയും ആഘോഷിക്കുകയാണ്. ബംഗ്ളാദേശിനെ സ്വതന്ത്രമാക്കുന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെ സ്മരിച്ചു കൊണ്ട് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് 'ബംഗ്ളാദേശ് ഫ്രീഡം ഓണർ' പുരസ്കാരം നൽകി ബംഗ്ളാദേശ് ആദരിച്ചിരുന്നു.