covid-19

ലണ്ടൻ: കൊവിഡ് 19ന്റെ ആഗോള വ്യാപനത്തിന് കാരണം ചൈനയിലെ വുഹാൻ മേഖലയിലെ ലബോറട്ടറിയിൽ നിന്നുള്ള ചോർച്ചയാണെന്ന വെളിപ്പെടുത്തലുമായി കനേഡിയൻ മോളിക്യുലാർ ബയോളജിസ്റ്റ് രംഗത്ത്. ഹൗസ് ഒഫ് കോമൺ സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയുടെ സെഷനിടെ പാർലമെന്റ് അംഗങ്ങളോട് ഡോ.അലീന ചാൻ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

ജീൻ തെറാപ്പിയിലും സെൽ എഞ്ചിനീയറിംഗിലും സ്പെഷ്യലൈസ് ചെയ്യുന്ന ഡോ. അലീന 'വൈറൽ: ദി സേർച്ച് ഫോർ ദി ഒറിജിൻ ഒഫ് കൊവിഡ് 19' എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയാണ്. ശാസ്ത്രീയ ഗവേഷണത്തെക്കുറിച്ചുള്ള പാർലമെന്റ് പാനലിന്റെ സെഷനിലാണ് അലീന കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരാമർശം നടത്തിയത്. 'ഫ്യുറിൻ ക്ളീവേജ് സൈറ്റ്' എന്ന കൊവിഡ് 19ന്റെ അപൂർവ സവിശേഷതയാണ് പകർച്ചവ്യാധിക്ക് കാരണമായതെന്നും ഇത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഡോ.അലീന പറയുന്നു. സ്വാഭാവിക ഉത്ഭവത്തേക്കാൾ ലാബിൽ നിന്നുള്ള ഉത്ഭവത്തിനാണ് സാദ്ധ്യത കൂടുതലെന്നും അവർ കൂട്ടിച്ചേർത്തു. ഹുയാനൻ മത്സ്യ മാർക്കറ്റിലേത് മനുഷ്യർ മൂലമുണ്ടായ രോഗപകർച്ചയായിരുന്നെന്നും ഇവിടെ നിന്നും മൃഗങ്ങളിൽ നിന്നുള്ള ഉത്ഭവം സൂചിപ്പിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അലീന ചൂണ്ടിക്കാട്ടി.

ജനറ്റിക് എഞ്ചിനീയറിംഗിലൂടെ കൊവിഡ് 19 വൈറസ് വികസിപ്പിച്ചെടുക്കാമെന്നതിനെപ്പറ്റി പല പ്രമുഖ വൈറോളജിസ്റ്റുകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആദ്യത്തെ സാർസ് വൈറസിൽ പരിണാമം വരുത്തി കൊവിഡ് 19 വികസിപ്പിച്ചെടുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ഡോ.അലീന പറഞ്ഞു.

യു എസ് ആസ്ഥാനമായുള്ള ഇക്കോഹെൽത്ത് അലയൻസിലെ ശാസ്ത്രജ്ഞർ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സഹകരിച്ച് സാർസ് പോലുള്ള വൈറസുകളിൽ ജനിതക മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു പ്രൊപ്പോസൽ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്നുവെന്നും ഇത് കൊവിഡ് 19ന്റെ സൃഷ്ടിക്ക് കാരണമായോ എന്ന് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് മറുപടി നൽകണമെന്നും അലീന പറഞ്ഞു.

'വൈറൽ: ദി സേർച്ച് ഫോർ ദി ഒറിജിൻ ഒഫ് കൊവിഡ് 19'ന്റെ മറ്റൊരു രചയിതാവായ ലോഡ് മാറ്റ് റിഡ്‌ലിയും ഡോ.അലീന ചാനിന്റെ വാദങ്ങളെ ശരിവച്ചു. വൈറസിന്റെ ചോർച്ച കൈയബദ്ധമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനിയൊരു പകർച്ചവ്യാധി ഉണ്ടാകാതിരിക്കാനായി കൊവിഡിന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.