
ന്യൂഡൽഹി: 1971ൽ നടന്ന യുദ്ധത്തിൽ ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിലും ജമ്മു കാശ്മീരിലും പാകിസ്ഥാൻ യുദ്ധ വിമാനങ്ങൾ വർഷിച്ചത് ആയിരക്കണക്കിന് ബോംബുകൾ. പക്ഷേ അതിൽ ഭൂരിപക്ഷവും പൊട്ടിയില്ലെന്ന് അന്ന് ഇന്ത്യയുടെ ബോംബ് സ്ക്വാഡിൽ അംഗമായിരുന്ന സേവാ സിംഗ് ഓർക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ ബോംബെ എൻജിനീയർ ഗ്രൂപ്പിൽ സുബേദറായിരുന്ന സേവാ സിംഗ് പൂനെയിലെ കിർക്കി ക്യാമ്പിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. 1971ലെ യുദ്ധത്തിൽ നിരവധി ബോംബുകൾ നിർവീര്യമാക്കിയ 92കാരനായ സേവാ സിംഗിന് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു.
യുദ്ധത്തിന്റെ 14ാം ദിവസം ഫിറോസ്പൂരിലെ സിറാ ഗ്രാമത്തിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ആറ് ബോംബുകൾ വർഷിച്ചിരുന്നു. ഗ്രാമത്തിലെ എഫ് സി ഐ ഗോഡൗൺ തകർക്കുകയും അതു വഴി ഇന്ത്യയിൽ ഒരു ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുകയുമായിരുന്നു പാകിസ്ഥാൻ തന്ത്രം. എഫ് സി ഐ ഗോഡൗണിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമത്തിലുമായാണ് ഈ ബോംബുകൾ പാകിസ്ഥാൻ സേന ഇട്ടത്. ഈ ബോംബുകൾ നിർവീര്യമാക്കാനുള്ള ദൗത്യമായിരുന്നു സേവാസിംഗിനും കൂട്ടർക്കും ലഭിച്ചത്. ഈ ബോംബുകളിൽ ഒരെണ്ണം പോലും പൊട്ടാതെ നിർവീര്യമാക്കുന്നതിൽ സേവാ സിംഗ് ഉൾപ്പെട്ട ഇന്ത്യൻ സൈനികർക്ക് സാധിച്ചു. അന്നത്തെ കാലത്ത് ബോംബുകൾ നിർവീര്യമാക്കാനുള്ള ആധുനിക സജ്ജീകരണങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്നതിനാൽ മിക്ക ബോംബുകളും കൈകൾകൊണ്ടാണ് ഇവർ നിർവീര്യമാക്കിയത്.
1971 ഡിസംബർ 3 മുതൽ 17വരെയായിരുന്നു യുദ്ധം നീണ്ട് നിന്നത്.ഊ കാലഘട്ടത്തിൽ പഞ്ചാബും ജമ്മു കാശ്മീരും ഉൾപ്പെടെയുള്ള അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാൻ സൈന്യം ആയിരത്തിൽ കൂടുതൽ ബോംബുകൾ വിമാനങ്ങളിൽ നിന്ന് വർഷിച്ചിരുന്നുവെന്ന് സേവാ സിംഗ് ഓർക്കുന്നു. എന്നാൽ ഈ ബോംബുകൾക്ക് പാകിസ്ഥാൻ വിചാരിച്ച രീതിയിലുള്ള നാശനഷ്ടങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഇതിന്റെ പ്രധാന കാരണം പാകിസ്ഥാൻ സൈനികർക്ക് ഈ ബോംബുകൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ അറിയാത്തതായിരുന്നുവെന്ന് സേവാ സിംഗ് പറയുന്നു. ഒരുപക്ഷേ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് വേണ്ടി പാകിസ്ഥാൻ മനപൂർവം പൊട്ടാത്ത ബോംബുകൾ ഇട്ടതാകാമെന്ന് കരുതാമെങ്കിലും അത് അത്ര വിശ്വസനീയമല്ലെന്ന് സേവാ സിംഗ് പറഞ്ഞു. അന്ന് പാകിസ്ഥാൻ വർഷിച്ച ബോംബുകളിൽ പലതിലും ഫ്യൂസ് നേരാംവണ്ണം ഘടിപ്പിച്ചിരുന്നില്ലെന്നും മറ്റ് ചിലതിന്റെ ടൈമറുകൾ തെറ്റായ രീതിയിലായിരുന്നു സെറ്റ് ചെയ്തിരുന്നതെന്നും സേവാ സിംഗ് സൂചിപ്പിച്ചു. മിക്ക ബോംബുകളും രണ്ടാം മഹായുദ്ധകാലത്ത് നിർമ്മിച്ചിരുന്നതായിരുന്നെന്നും ഫ്യൂസികലും സ്പാർക്ക് ഉണ്ടാക്കേണ്ട അനുബന്ധ വസ്തുക്കളും കേടായ അവസ്ഥയിലായിരുന്നുവെന്നും സേവാ സിംഗ് ഓർത്തെടുത്തു.