
മലപ്പുറം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും, രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
' ഇനി രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകില്ല. ആ കാലം കഴിഞ്ഞു. ഉപേക്ഷിച്ചെന്ന് ഞാൻ പറയില്ല. പ്രവർത്തിക്കാൻ മോഹമില്ല. എനിക്ക് വയസ് തൊണ്ണൂറായി. തൊണ്ണൂറാമത്തെ വയസിൽ രാഷ്ട്രീയത്തിലേക്ക് കേറിചെല്ലുന്നത് അപകടമാണ്. ബി ജെ പിക്ക് പ്രതീക്ഷയുള്ള സമയത്താണ് രാഷ്ട്രീയത്തിൽ വന്നത്. ജയിച്ചാലും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല,' അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനം വേണ്ടിയിരുന്നില്ലെന്ന തോന്നൽ ഇല്ലെന്നും, അന്ന് തനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും ശ്രീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തോറ്റപ്പോൾ നിരാശ തോന്നി, ഇനി രാഷ്ട്രീയ മോഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സിൽവർ ലൈനിനെ ശ്രീധരൻ രൂക്ഷമായി വിമർശിച്ചു. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും, ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.