sreeja

തിരുവനന്തപുരം: മൂന്ന് മക്കൾക്ക്‌ വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ആണ് സംഭവം. മൂന്ന് മക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ശ്രീജ (26) ആണ് മരിച്ചത്. ടൗണിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന ശ്രീജയുടെ മക്കൾ ജ്യോതിക (9), ജ്യോതി (7), അഭിനവ് (മൂന്നര വയസ്) എന്നിവർ ചികിത്സയിലാണ്. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശേഷം ശ്രീജ കുട്ടികൾക്ക് ശീതളപാനിയത്തിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു. അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ ചികിത്സിച്ച ഡോക്ടറോട് കുട്ടികൾക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുകയുമായിരുന്നു. തുടർന്ന് ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ ശ്രീജ മരിച്ചത്.