
ചരിത്രമായി മാറിയ ഓർമ്മകൾക്ക് ദൈർഘ്യം കുറവായിരിക്കുമെന്ന ആക്ഷേപത്തെ തോൽപ്പിക്കുന്ന ചില പുസ്തകങ്ങൾ ലോകസാഹിത്യത്തിലുണ്ടായിട്ടുണ്ട്. അവയിൽ പലതും അപൂർണ ജീവിതങ്ങളുടെ പുനരാവിഷ്കാരങ്ങളായിരുന്നു. ചരിത്രം ഒന്നുകിൽ വിജയങ്ങളെ ഓർത്തെടുക്കും അല്ലെങ്കിൽ പരാജയങ്ങളുടെ കാനേഷുമാരി കോർത്തുവയ്ക്കും അത് വിജയ/പരാജയങ്ങളുടെ ചരിത്രത്തെ പലപ്പോഴും കള്ളങ്ങൾ കൊണ്ട് മറവ് ചെയ്യുകയും മറവിയുടെ ഞരമ്പിനെ പ്രബലപ്പെടുത്തുകയും ചെയ്യും. ഇവിടെ സർഗാത്മക വിജയ, പരാജയങ്ങളുടെ ഓർമ്മക്കാവടിയെടുപ്പാണ് കവനാലയം ബോസ് സാദ്ധ്യമാക്കുന്നത്. കവനാലയം നാണുക്കുട്ടൻ എന്ന തന്റെ അച്ഛന്റെ സർഗാത്മകമായ ആത്മചരിതം ഓർത്തെടുക്കുകയാണ്. 
കാലം ഓർമ്മകളെ മുദ്ര ചെയ്തു സൂക്ഷിക്കുന്ന പേടകമാണെന്നും അത് ദേശത്തുടിപ്പുകളാണെന്നും സ്ഥാപിക്കാൻ കരുത്തുള്ള ഒരു പുസ്തകത്തെയാണ്, വായനക്കാരാ, നിങ്ങളുടെ മിഴികളും വിരലുകളും തൊടാൻ പോകുന്നത്. 'കോട്ടയം 10 വടവാതൂർ പി.ഒ" എന്നത് കവനാലയം നാണുക്കുട്ടൻ എന്നൊരു കവിയുടെ സർഗാത്മക ജീവചരിത്രത്തിന്റെ ശീർഷകമാണ്. കവിത കൊണ്ടും ഫിക്ഷൻ കൊണ്ടും മലയാളിയുടെ വായനാകലയെ  ഒരു കാലത്ത് പ്രബലമാക്കി നിർത്തിയ  ഒരാളെ മകൻ  ഓർത്തെടുക്കുകയാണിവിടെ.
എല്ലാ അരാജകത്വങ്ങളും വിപ്ലവങ്ങളല്ല. പക്ഷേ കവനാലയം നാണുക്കുട്ടന്റേത് ക്രിയാത്മക അരാജകത്വവും ക്രിയാത്മക വിപ്ലവവുമായിരുന്നു. വിപ്ലവകരമായ ആശയങ്ങൾ കൊണ്ട് വായനക്കാരെ ആകർഷിച്ച ഒരാൾ എന്തുകൊണ്ടാണ് സർഗാത്മക ചരിത്രത്തിന്റെ കാനേഷുമാരിയിൽ നിന്നും പുറത്തായത് എന്നറിയാൻ ഈ പുസ്തകത്തിന്റെ താളുകളിൽ പരതിയാൽ മാത്രം മതി. ഗവേഷണ പ്രബന്ധങ്ങളിൽ ശരീരമായി മാറുമ്പോൾ, എഴുതിയതത്രയും മനുഷ്യബന്ധങ്ങളുടെ ആഴപ്പെടലിനു വേണ്ടിയായിരുന്നുവെന്ന തത്വബോധം കൊണ്ടു നടന്നിരുന്ന ഒരാളെ നിർമ്മിത മറവിയിൽ കൊണ്ടുവയ്ക്കുന്നതിന് തുല്യമാണ്. ചങ്ങമ്പുഴ സ്കൂളിന്റെ ഒക്കെ പ്രതിനിധിയായി ഇന്നും ഗവേഷിക്കപ്പെടേണ്ട ഒരാൾ എന്തുകൊണ്ടായിരിക്കും ആ ഓർബിറ്റിൽ നിന്നും പുറത്തായത്. കുടുംബം  എന്ന സ്ട്രക്ച്ചറിനെ  അതിന്റെ സ്റ്റാറ്റസിൽ നിലനിർത്താൻ കഠിനപ്രയത്നം നടത്തുന്ന ഒരാൾക്ക് പിന്നീട് അയാളുടെ സർഗാത്മക കസേര നഷ്ടമാകുമെന്ന ധ്വനികളും ഇതിലുണ്ട്. കവനാലയം നാണുക്കുട്ടൻ ഒരു ക്രിയാത്മക വിപ്ലവകാരിയും അരാജകവാദിയുമായി തീരുന്ന ഒരു ഘട്ടമിതാണ്. ഒരു സർഗാത്മക കാലഘത്തിന്റെ മേൽവിലാസമായി വേണം കവനാലയം ബോസിന്റെ 'കോട്ടയം 10 വടവാതൂർ പി.ഒ" എന്ന പുസ്തകത്തെ സ്വീകരിക്കാൻ. കലയോട് ഒരാൾ കാട്ടിയ അത്ഭുതക്കുറിപ്പിന്റെ സാക്ഷ്യമായി ഈ പുസ്തകം ചരിത്രത്തിന്റെ ഉമ്മറത്തിൽ ഇടം നേടുമെന്നതിൽ തർക്കമില്ല. 
(കവനാലയം ബോസിന്റെ ഫോൺ: 9446451493 )
പ്രസാധകർ: സാകേതം ബുക്സ്, 120