lulu-mall

തിരുവനന്തപുരം: ഷോപ്പിംഗ് പ്രേമികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരത്തെ ലുലു മാൾ ഇന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനകർമം നിർവഹിച്ചത്. നാളെ മുതൽ പൊതുജനങ്ങൾക്ക് ഷോപ്പിംഗിനെത്താം. കഴക്കൂട്ടം- കോവളം ബൈപ്പാസിൽ ആക്കുളത്ത് ഇരുപത് ലക്ഷം ചതുരശ്രയടിയിലാണ് മാൾ നിർമിച്ചിരിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മുഖ്യ ആകർഷണ കേന്ദ്രം. ലുലു എത്തിയതോടുകൂടി ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ സ്വപ്നനങ്ങൾ കൂടി യാഥാർത്ഥ്യമാവുകയാണ്.

പതിനയ്യായിരത്തോളം പേർക്ക് മാളിൽ തൊഴിലവസരമുണ്ടെന്ന് ലുലു ഗ്രൂപ്പ് സി എം ഡി എം എ യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 600 പേരെ ജീവനക്കാരായി നിയമിച്ചു കഴിഞ്ഞു. ഇവരിൽ നൂറ് പേർ ആക്കുളം നിവാസികളാണ്. മാളിലെ വ്യാപാര കേന്ദ്രങ്ങളുടെ എണ്ണത്തിനൊപ്പം തൊഴിലവസരങ്ങളും വർദ്ധിക്കും.

ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രിറ്റ് എന്നിവയും മാളിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, ഖാദി തൊഴിലാളികളും മാളിൽ ജീവനക്കാരായുണ്ട്. രാജ്യാന്തര ബ്രാൻഡുകൾക്ക് പുറമേ കുടുംബശ്രീ, ഖാദി ഉത്പന്നങ്ങളും മാളിൽ ലഭ്യമാണ്. 2500 പേർക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന ഫുഡ് കോർട്ട്, കുട്ടികൾക്കായി 80,000 ചതുരശ്രയടിയിൽ ഫൺട്യൂറ എന്ന പേരിൽ ഗെയിം സോൺ, മാളിനകത്ത് കേബിൾ കാറിൽ ചുറ്റാൻ സിപ് ലൈൻ സർവീസ്, പിവിആർ സിനിമാസ് ഒരുക്കുന്ന പന്ത്രണ്ട് സ്ക്രീനുകളുള്ള സൂപ്പർ പ്ളസ് തിയേറ്റർ എന്നിങ്ങനെ ആകർഷണങ്ങൾ ഏറെ. മാളിലെത്തുന്ന ഭിന്നശേഷിക്കാർക്കായി മോട്ടോറൈഡ് വീൽചെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എട്ട് നിലകളുള്ള മൾട്ടി ലെവൽ കോംപ്ളക്സിൽ 3500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഗതാഗത തടസം നിയന്ത്രിക്കാൻ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിംഗ് ഗൈഡൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മാളിലേയ്ക്ക് കെ എസ് ആർ ടി സിയുടെ സിറ്റി സർവീസുമുണ്ടാകും.