
മലപ്പുറം: കെ റെയിൽ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ.ശ്രീധരൻ. നിലവിലെ പദ്ധതി കൊണ്ട് ഗുണത്തെക്കാളേറെ ജനങ്ങൾക്ക് ദോഷമാണ് ഉണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കും എന്നും പദ്ധതി നടപ്പാക്കാൻ വൻ തുക വേണ്ടിവരും ഇത് സർക്കാരിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്ക് ഒരുപാട് സ്ഥലം ആവശ്യമായി വരും അതിനായി 25000ത്തോളം ആളുകളെ മാറ്റി പാർപ്പിക്കണം. 350 കിലോമീറ്റർ നിലത്തിലൂടെയാണ് ട്രെയിൻ പോവുന്നത് ചിലയിടങ്ങളിൽ ചതുപ്പ് നിലത്തിലൂടെയാവും . ഇത്രയും വേഗത്തിൽ നിലത്തിലൂടെ ട്രെയിൻ പോകുമ്പോൾ അതിന്റെ ആഘാതങ്ങളും വളരെ കൂടുതലാണ്. നാടിന് ശരിക്കും ഉപകാരമുണ്ടാവണമെങ്കിൽ ഇപ്പോഴുള്ള റെയിൽവെയെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ അതിനോടൊപ്പം ഇതിനെ കൊണ്ടുപോവുകയോ ചെയ്യണമെന്നും ശ്രീധരൻ പറഞ്ഞു.
പദ്ധതി നടത്തുന്നവരെ കുറ്റം പറയുകയല്ല, ചിലപ്പോൾ അവരുടെ അറിവില്ലായ്മ കൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എസ്റ്റിമേറ്റിട്ട തുകയ്ക്ക് പദ്ധതി പൂർത്തിയാക്കാൻ കഴിയില്ല എങ്ങനെയെങ്കിലും അനുമതിനേടിയെടുക്കാനായാണ് ശ്രമിക്കുന്നത്. ഒരു പദ്ധതി എടുക്കുന്നുണ്ടെങ്കിൽ അത് ശരിക്കും നടത്താൻ കഴിയണം.കേരളത്തിൽ ഈ പദ്ധതി എടുത്തുകഴിഞ്ഞാൽ കുറഞ്ഞത് 10 വർഷമെങ്കിലും വേണ്ടിവരും സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും പദ്ധതിയിൽ പല പാളിച്ചകളും ഉണ്ട്. പൂർത്തിയാക്കാൻ ആവശ്യമായ തുക ആദ്യം കൃത്യമായി കണക്കാക്കണം എന്നും അദ്ദേഹം പറഞ്ഞു.