mm-naravane

ന്യൂഡൽഹി: ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ എം എം നരവാനെയെ ഇന്ത്യൻ സൈന്യത്തിന്രെ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു. ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് വഹിച്ചിരുന്ന ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് (സി ഡി എസ്) പദവി തത്ക്കാലത്തേക്ക് ഒഴിച്ചിടും. ഇന്ത്യൻ സൈന്യത്തിലെ വിഭാഗങ്ങളായ കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ തലവന്മാരുടെ കമ്മിറ്റിയാണ് ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി. ഇവരിൽ ഏറ്റവും മുതിർന്ന വ്യക്തി എന്ന നിലയിലാണ് നരവാനെയെ കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചിരിക്കുന്നത്. നേരത്തെ സി ഡി എസ് ആയിരുന്ന ബിപിൻ റാവത്ത് തന്നെയായിരുന്നു ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടേയും ചെയർമാൻ.

സി ഡി എസ് പദവിയിൽ അടുത്തതായി ആര് വരുമെന്നതിനെ കുറിച്ച് സർക്കാർ നിലവിൽ മൗനം പാലിക്കുകയാണ്.ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ജനറൽ നരവാനെയ്ക്ക് തന്നെയാണ് കൂടുതലും സാദ്ധ്യത. വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ വി ആർ‌ ചൗധരി സെപ്തംബർ 30നും നാവിക സേന തലവൻ അഡ്മിറൽ ആർ ഹരികുമാർ നവംബർ 30നുമാണ് അവരവരുടെ ചുമതലകൾ ഏറ്റെടുത്തത്.

ഇന്ത്യയുടെ ആദ്യത്തെ സി ഡി എസ് ആയ ബിപിൻ റാവത്ത് ചുമതലയേറ്റതിന് ശേഷമാണ് ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി സി ഡി എസ് ഏറ്റെടുത്തത്. അതിന് മുമ്പ് മൂന്ന് സേനാവിഭാഗങ്ങളിലെ തലവന്മാരിൽ ഏറ്റവും മുതിർന്നയാളായിരുന്നു സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്. നിലവിലെ അവസ്ഥയിൽ പഴയ സംവിധാനത്തിലേക്കുള്ള താത്ക്കാലിക മടങ്ങിപ്പോക്കായി കേന്ദ്ര നീക്കത്തെ വ്യാഖ്യാനിക്കാമെങ്കിലും ഭാവിയിൽ പുതിയ സി ഡി എസിനെ നിയമിക്കാനും സാദ്ധ്യതയുണ്ട്.