
തിരുവനന്തപുരം:കേരള തമിഴ്നാട് അതിർത്തിയിൽ സംയുക്ത സംരംഭമായി 3000 ഏക്കറിൽ തിരുവനന്തപുരം കന്യാകുമാരി അന്തർ ദേശീയ വിമാനത്താവളം മുതൽ മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റ് വരെയുള്ള 3 ഡസൻ പദ്ധതികളുടെ രൂപരേഖ ജില്ലയിലെ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു എന്നിവർക്ക് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയായ ഫ്രാറ്റ് സമർപ്പിച്ചു. മൂന്ന് മാസമായി നടന്നുവരുന്ന ഫ്രാറ്റ് മേഖല സമ്മേളനങ്ങളിലൂടെ നഗരത്തിലെ ആയിരത്തിൽപ്പരം റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നും ലഭിച്ച തലസ്ഥാന ജില്ലാ വികസന നിർദ്ദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച 35 നിർദേശങ്ങളാണ് സമർപ്പിച്ചതെന്ന് ഫ്രാറ്റ് പ്രസിഡന്റ് പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പട്ടം ശശിധരൻനായർ, ചെയർമാൻ എം.എസ്. വേണുഗോപാൽ, വൈസ് പ്രസിഡന്റ് എൻ.ശാന്തകുമാർ എന്നിവർ പറഞ്ഞു. യോഗത്തിൽ ടി.കെ. ഭാസ്‌കരപ്പണിക്കർ, എൻ. ബാബു,. എം. കെ സുരേഷ്, ജി. സുശിലാദേവി, കാലടി ശശികുമാർ, ജയരാജൻ, പി.ബി. വേണുനാഥ്, പി. ഹരിഹരൻ, അനിൽ പൂജപ്പുര, എന്നീ കേന്ദ്ര ഭാരവാഹികളും സംസാരിച്ചു.