
കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന് മുന്നിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വച്ച പ്രധാന നിർദേശമായിരുന്നു ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കണമെന്നത്. ഇതുകൂടാതെ, 18 വയസ് പിന്നിടുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മുതൽ വർഷത്തിൽ നാല് തവണ അവസരം നൽകുമെന്ന സർക്കാരിന്റെ തീരുമാനവും ശ്രദ്ധേയമായി. അതിലൂടെ കൂടുതൽ പേരെ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളികളാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
സർവീസ് വോട്ടർമാർക്കായി ജെൻഡർ ന്യൂട്രൽ നിയമവും കൊണ്ടുവരുന്നതാണ് അടുത്ത നടപടി. നിലവിൽ സർവീസിലിരിക്കുന്ന പുരുഷ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ഇനിമുതൽ സ്ത്രീ ഉദ്യോഗസ്ഥരുടെ ഭർത്താക്കന്മാർക്കും ഈ അവസരം നൽകും. ഇതിനായി ചട്ടത്തിൽ നിലവിൽ 'ഭാര്യ' എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് 'ജീവിതപങ്കാളി' എന്നാക്കി മാറ്റും.
ഇതിന് പുറമേ, തിരഞ്ഞെടുപ്പിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കാൻ കമീഷന് അധികാരമുണ്ടാകും. നിലവിൽ സ്‌കൂളുകളും മറ്റു പ്രധാന കെട്ടിടങ്ങളും തിരഞ്ഞെടുപ്പ് കാലയളവിൽ ഉപയോഗിക്കാൻ ചില നിയന്ത്രണങ്ങളുണ്ട്. പെയ്ഡ് ന്യൂസ് കുറ്റകരമാക്കുക, തെറ്റായ സത്യവാങ്മൂലം നൽകിയതിനുള്ള ശിക്ഷ രണ്ട് വർഷത്തെ തടവ് ശിക്ഷയായി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ സർക്കാരിന് കത്തെഴുതിയിരുന്നു.
40 ഓളം തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, അടുത്തവർഷമാദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇതെല്ലാം പ്രാവർത്തികമാകോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
വോട്ടർ കാർഡും ആധാറും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാം
നാഷണൽ വോട്ടർ സർവീസ് പോർട്ടൽ വഴിയോ എസ് എംഎസ് വഴിയോ അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാരെ സന്ദർശിച്ചോ വോട്ടർ ഐ ഡി കാർഡുമായി ആധാർ ലിങ്ക് ചെയ്യാം.
പോർട്ടൽ വഴി ബന്ധിപ്പിക്കേണ്ട രീതി
https://voterportal.eci.gov.in/ എന്ന ലിങ്കിൽ പ്രവേശിക്കുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, വോട്ടർ നമ്പർ പാസ് വേഡ് എന്നിവ ഉപയോഗിച്ച് പേജിൽ പ്രവേശിക്കാം.
സംസ്ഥാനം, ജില്ല, വ്യക്തിവിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
സ്‌ക്രീനിന്റെ ഇടതുവശത്ത് കാണുന്ന ഫീഡ് ആധാർ നമ്പർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ആധാറിലെ പേര്, നമ്പർ, വോട്ടർ ഐഡി നമ്പർ, മൊബൈൽ നമ്പർ എല്ലാം നൽകുക.
നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
എസ് എം എസ് വഴി രജിസ്റ്റർ ചെയ്യാൻ
വോട്ടർ നമ്പർ ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് ആധാർ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം 166 എന്ന നമ്പറിലോ 51969 എന്ന നമ്പറിലോ എസ് എം എസ് അയക്കാം.