child-marriage

തഞ്ചാവൂർ: കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ ഇരുവരും സംസാരിച്ച് നിൽക്കുന്നത് ചിലർ കണ്ടതാണ് വിവാഹത്തിലേക്ക് നയിച്ചത്.

പതിനേഴ് വയസുകാരനായ ആൺകുട്ടിയും പതിനാറ് വയസുകാരിയായ പെൺകുട്ടിയും ഒരേ ക്ളാസിലാണ് പഠിക്കുന്നത്. ഇരുവരും പ്ളസ് ടു വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച രാത്രി ആൺകുട്ടി ഒരു സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. പുലർച്ചെ പന്ത്രണ്ടരയോടെ ഇവർ രണ്ടുപേരും സംസാരിച്ചു നിൽക്കുന്നത് കണ്ട ഗ്രാമവാസികളിൽ ചിലർ ഇവർ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിച്ചു. ഗ്രാമവാസികളുടെ സമ്മർദ്ദത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തിൽ വച്ച് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂണിയൻ വെൽഫയർ ഓഫീസർ കമലാദേവി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന്റെ പേരിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ (51), അയ്യാവു (55), രാമൻ (62), ഗോപു (38), നാടിമുത്തു(40), കണ്ണിയൻ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്ന

നിർബന്ധിത വിവാഹത്തിന് ഇരയായ ആൺകുട്ടിയെ തഞ്ചാവൂരിലെ ജുവൈനൽ ഹോമിലേയ്ക്കും പെൺകുട്ടിയെ സർക്കാർ ഹോമിലേയ്ക്കും അയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.