
ഉത്തരാഖണ്ഡ്: 2022ൽ നടക്കാൻ പോകുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സൈനികരെ ലക്ഷ്യമിട്ട് പ്രതിപക്ഷമായ കോൺഗ്രസ്. വ്യാഴാഴ്ച നടക്കുന്ന രാഹുൽ ഗാന്ധിയുടെ റാലിയിൽ രാഹുൽ ഗാന്ധിയുടെയും മുൻ കോൺഗ്രസ് അദ്ധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെയും കട്ട്ഔട്ടിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ കട്ട്ഔട്ടും സ്ഥാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ കട്ട്ഔട്ടിനെക്കാൾ വലുപ്പത്തിലാണ് റാവത്തിന്റെ കട്ട്ഔട്ട് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന തിരഞ്ഞെടുപ്പിൽ സേനാംഗങ്ങളുടെയും മുൻ സൈനികരുടെയും കുടുംബങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായതിന്റെ 50 ആം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ 'വിജയ് സമ്മാൻ' റാലി യിൽ സൈനികരുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസും പദ്ധതിയിടുന്നുണ്ടായിരുന്നു. രാഷ്ട്രീയ റാലിക്ക് ജനറൽ റാവത്തിന്റെ കട്ട്ഔട്ട് വച്ചത് എന്തിനാണ് എന്നുള്ള ചോദ്യമുയർന്നപ്പോൾ കോൺഗ്രസ് സൈനികരെ ബഹുമാനിക്കുന്നു എന്നും രാജ്യത്തിന്റെ അഭിമാനമായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്നും ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു. ഉത്തരാഖണ്ഡിലെ സാമൂഹിക ആവശ്യങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ് റാവത്ത് എന്നും മഹാനായ അദ്ദേഹത്തോടുളള ആദരവിന്റെ അടയാളമാണിതെന്നും ഗോഡിയാൽ പറഞ്ഞു. റാലിയിലേക്ക് മുൻ സൈനികരെയും പാർട്ടി ക്ഷണിച്ചിരുന്നു എന്നും അതിൽ ചിലർ പങ്കെടുത്തതായും ഗോഡിയാൽ കൂട്ടിച്ചേർത്തു.
എന്നാൽ വെറും കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് ജനറൽ റാവത്തിനെ വലിച്ചിഴയക്കയാണ് എന്ന് ബി.ജെ.പി ആരോപിച്ചു.സൈനികരോട് കോൺഗ്രസിനുണ്ടായ പെട്ടന്നുള്ള സ്നേഹം ഈ ഇലക്ഷൻ സമയത്ത് മനസിലാക്കാവുന്നതേയുള്ളു എന്നും രാഷ്ട്രീയത്തിൽ നിന്നും ജനറൽ റാവത്തിനെ മാറ്റിനിർത്താമായിരുന്നു എന്നും ബി.ജെ.പി വക്താവ് വിപിൻ കൈന്തോള പറഞ്ഞു.