
തിരുവനന്തപുരം: പി ജി ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ എം പി ജി എ സംസ്ഥാന പ്രസിഡന്റ് അജിത്രയെ ജീവനക്കാരൻ അപമാനിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. തന്നെ അപമാനിച്ച വ്യക്തിയുടെ പേര് അറിയുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അജിത്ര പറഞ്ഞു.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണുന്നതിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഐഡി കാർഡുള്ള ജീവനക്കാരൻ ഇവിടെ ഒരുപാട് വലിയ ആളുകൾ വരുന്നതാണെന്നും കാൽ താഴ്‌ത്തി ഇട്ട് ഇരിക്കാൻ പറഞ്ഞുവെന്നും അജിത്ര പറഞ്ഞു. തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും കാലിന് മുകളിൽ കാല് കയറ്റി വച്ചിരുന്നാൽ എന്താണെന്ന് ചോദിച്ചപ്പോൾ എങ്കിൽ തുണിയുടുക്കാതെ നടന്നോ എന്നു പറയുകയും ചെയ്തു എന്ന് അജിത്ര പറഞ്ഞു. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് ചോദിച്ചപ്പോൾ പൊലീസുകാരും വ്യക്തമായ മറുപടി നൽകിയില്ലെന്നും ആളെക്കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അജിത്ര പറഞ്ഞു.
അതേസമയം ഇതുവരെയായും പി ജി ഡോക്ടർമാർക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ സാധിച്ചിട്ടില്ല. മന്ത്രിതലത്തിൽ എടുത്ത തീരുമാനങ്ങൾ നിലനിൽക്കെ താഴെതട്ടിൽ എങ്ങനെ ചർച്ച നടത്തുമെന്നാണ് അധികൃതർ ചോദിക്കുന്നത്. എന്നാൽ ഇന്നലെ എടുത്ത തീരുമാനങ്ങളിൽ വ്യക്ത വരുത്തുന്നതിന് വേണ്ടിയാണ് ചർച്ചക്ക് വന്നതെന്നും 12 മണിക്ക് ഇതിനായി സമയം അനുവദിച്ചരുന്നെന്നും സമരക്കാർ പറയുന്നു.