
കൊച്ചി: ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ തിയേറ്റർ പ്രദർശനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഈ നിർദേശം സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. പതിനേഴാം തീയതി മോഹൻലാൽ ചിത്രമായ മരയ്ക്കാറിന്റെ തിയേറ്റർ പ്രദർശനവും അവസാനിക്കുകയാണ്.
നിലവിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്ന ചിത്രമാണ് കുറുപ്പ്. അത്തരത്തിൽ ഓടിക്കൊണ്ടിരുന്ന സിനിമ ഒടിടിയിലേയ്ക്ക് മാറിയതിൽ കടുത്ത അതൃപ്തിയും ഫിയോക് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒടിടി റിലീസ് ചിത്രങ്ങളുടെ പ്രദർശനം തിയേറ്ററുകളിൽ അവസാനിപ്പിക്കണമെന്ന് ഫിയോക് തീരുമാനിച്ചിരിക്കുന്നത്. ഫിയോക്കിന് കീഴിലുള്ള മുഴുവൻ തിയേറ്റർ ഉടമകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുകയാണ്. നാളെയാണ് മരയ്ക്കാർ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മരയ്ക്കാറിന്റെ തിയേറ്റർ പ്രദർശനവും നാളെ തന്നെ അവസാനിപ്പിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം. ഒടിടിയിൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതോടെ പ്രേക്ഷകർ തിയേറ്ററിൽ എത്തില്ലെന്നും ഇത് കനത്ത നഷ്ടത്തിലേയ്ക്ക് നയിക്കുമെന്നുമാണ് ഫിയോകിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്റർ ഉടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഡിസംബർ രണ്ടിനാണ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ കൂട്ടുകെട്ടിലെ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ ചിത്രം കുറുപ്പ് നവംബർ പന്ത്രണ്ടിനായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പുറത്തിറങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ തകർത്തിരുന്നു.