
ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പ് ഇറാനിൽ നിന്നുള്ള കിവി പഴ ഇറക്കുമതിക്ക് കേന്ദ്ര കാർഷിക മന്ത്രാലയം വിലർക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതിക്കും സമാന നടപടി വേണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്.
ഇറാനിൽ നിന്നുള്ള കിവി പഴങ്ങളിൽ രാജ്യത്തിന്റെ ജൈവ സുരക്ഷയ്ക്ക് ഭീഷണിയായ തരത്തിൽ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഇറക്കുമതി നിറുത്തിയത്. കീടനാശിനിയുടെ പരിധിയിൽ കവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടർന്ന് ഇറാന് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് കാർഷിക മന്ത്രാലയത്തിന്റെ നിരോധനം.
ഇറാനിയൻ ആപ്പിളുകളിലെയും കിവി പഴങ്ങളിലെയും കീടനാശിനി സാന്നിദ്ധ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെയുള്ള കർഷകർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാനിയൻ ആപ്പിളിൽ കീടങ്ങളുടെ സാന്നിദ്ധ്യവും ശ്രദ്ധയിൽപ്പെട്ടതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ നിന്നുള്ള ആപ്പിൾ ചരക്കുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിന് മുന്നേ കീടനാശിനികളുടെയും പ്രാണികളുടെയും സാന്നിദ്ധ്യത്തെപ്പറ്റി വിശദമായ പരിശോധന നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഇന്ത്യൻ വിപണിയിൽ ഇറാനിയൻ ആപ്പിളുകൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാവുന്നതാണ് രാജ്യത്തെ കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം.കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് ഇറാനിയൻ ആപ്പിളിന്റെ വില. ഇത് പ്രാദേശിക ഉത്പന്നങ്ങളുടെ വിപണിയെ ബാധിക്കുന്നു.