cgtftfg

ടെൽ അവീവ്: ലോകരാജ്യങ്ങൾക്കിടയിൽ വാക്സിൻ അസമത്വം കൂടിവരുന്നെന്ന ലോകാരോഗ്യ സംഘടനയുടെ വിമർശനങ്ങൾക്കിടയിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഒരു മില്യൺ കോവിഡ് വാക്സിൻ സംഭാവന ചെയ്യുമെന്നറിയിച്ച് ഇസ്രയേൽ. ദരിദ്ര രാഷ്ട്രങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനായി യു.എൻ പിന്തുണയോടെ നിലവിൽ വന്ന കൊവാക്സ് പദ്ധതിയിലേക്കാണ് 1 മില്യൺ അസ്ട്ര സെനക വാക്സിൻ നല്കാൻ ഇസ്രയേൽ തീരുമാനിച്ചത്. ഈ വാക്സിൻ ഡോസുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊവിഡ് മഹാമാരി തുടച്ചു നീക്കാനുള്ള പോരാട്ടത്തിൽ സംഭാവന നല്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യയ്ർ ലാപിഡ് പറഞ്ഞു. ഈ നീക്കത്തിലൂടെ ആഫ്രിക്കൻ രാജ്യങ്ങളുമായി ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിക്കുകയെന്നതാണ് ഇസ്രയേൽ ലക്ഷ്യം. അതേ സമയം ഏതൊക്കെ ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വാക്സിൻ നൽകുന്നതെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളുമായി ഇസ്രയേലിന് നയതന്ത്രബന്ധമുണ്ട്. കഴിഞ്ഞ വർഷം യു.എസിന്റെ ഇടപെടലിലൂടെ സുഡാനുമായും ഇസ്രയേൽ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കുള്ള ലോകരാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. എന്നാൽ അധിക വാക്സിൻ ഡോസുകൾ കൈവശമുണ്ടായിരുന്നിട്ടും പലസ്തീൻ സ്വദേശികൾക്ക് ഇസ്രയേൽ വാക്സിൻ നല്കുന്നില്ലെന്ന ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ രാജ്യത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പലസ്തീൻ പൗരൻമാർക്ക് ഇസ്രായേൽ സൗജന്യമായി വാക്സിൻ നല്കാൻ ആരംഭിച്ചു.