
മാഡ്രിഡ്: സ്പെയ്നിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി സിന്ധു വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. പ്രീ ക്വാർട്ടറിൽ തായ്‌ലൻഡ് താരം പോപാവീ ചോചുവാംഗ്നെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് നിലവിലെ ചാമ്പ്യനായ സിന്ധുവിന്റെ മുന്നേറ്റം. തുടർച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 21-14,21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം.
ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്ന ആറാം സീഡായ സിന്ധു ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരേ മികച്ച പ്രകടനമാണ് പ്രീ ക്വാർട്ടറിൽ പുറത്തെടുത്തത്. കഴിഞ്ഞ ആദ്യ ഗെയിം 21-14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിൽ കുറച്ച് വെല്ലുവിളി നേരിട്ടെങ്കിലും 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിട്ടാണ് നീണ്ടത്.
പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയ്‌യും ലക്ഷ്യാ സെന്നും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. പുരുഷ ഡബിൾസിൽ സ്വാതിക് സായ്‌രാജ് റെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാർട്ടറിലെത്തി.