
വല്ലേട്ട :യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ സ്വകാര്യ ആവശ്യങ്ങൾക്കായി മിതമായ രീതിയിലുള്ള കഞ്ചാവ് കൃഷിയും ഉപഭോഗവും നിയമ വിധേയമാക്കിക്കൊണ്ടുളള ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. മാർട്ട പാർലമെന്റിൽ 27 നെതിരെ 36 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.പുതിയ നിയമമനുസരിച്ച് രാജ്യത്തെ പ്രായപൂർത്തിയായ പൗരന്മാർക്ക് ഏഴ് ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും സ്വകാര്യ ആവശ്യത്തിനായി നാല് ചെടികൾ വരെ വീടുകളിൽ വളർത്താനും അനുവാദമുണ്ട്. കഞ്ചാവ് അസോസിയേഷനുകൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കണം, സംഘങ്ങൾ അവരുടെ സേവനങ്ങൾ പരസ്യപ്പെടുത്താൻ പാടില്ലെന്നും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ രാജ്യത്ത് വൻ തോതിലുള്ള കഞ്ചാവ് വ്യാപാരം നിയമ വിരുദ്ധമായിരിക്കും. കഞ്ചാവ് ഉപഭോഗം സുരക്ഷിതവും നിയന്ത്രിതവുമാണെന്ന് ഉറപ്പു വരുത്താൻ പ്രത്യേക സംവിധാനമുണ്ടായിരിക്കും.രാജ്യത്ത്
കഞ്ചാവ് നിയമവിധേയമാക്കിയതിലൂടെ നികുതിയിനത്തിൽ രാജ്യത്തിന് ലാഭം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നിയമം പ്രാബല്യത്തിലായാലും പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമായി തുടരും.നിലവിൽ സ്‌പെയിനും നെതർലൻ്റ്സും വ്യവസ്ഥകൾക്ക് വിധേയമായി വ്യക്തിഗത അവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൃഷി ചെയ്യുന്നതിനും അനുമതി നല്കിയിട്ടുണ്ട് .