
മെൽബൺ: ലോക നാലാം നമ്പർ വനിതാ താരം കരോളിന പ്ലിസ്‌കോവയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. ഇതോടെ ചെക്ക് റിപ്പബ്ലിക്കിന്റെ താരമായ പ്ലിസ്‌കോവയ്ക്ക് അടുത്ത മാസം തുടങ്ങാനിരിക്കുന്ന ആസ്‌ട്രേലിയൻ ഓപ്പൺ നഷ്ടമാകും.
29 കാരിയായ പ്ലിസ്‌കോവയുടെ കൈത്തണ്ടയ്ക്കാണ് പരിക്കേറ്റത്. മുൻ ലോക ഒന്നാം നമ്പർ താരമായ പ്ലിസ്‌കോവയ്ക്ക് ഇതുവരെ ഗ്രാൻസ്ളാം കിരീടം നേടാനായിട്ടില്ല. 2019 ആസ്‌ട്രേലിയൻ ഓപ്പണിൽ ചാമ്പ്യനായ നവോമി ഒസാക്കയോട് സെമി ഫൈനലിൽ പരാജയപ്പെട്ടു. ഈ വർഷം വിംബിൾഡണിന്റെ ഫൈനലിലെത്തിയെങ്കിലും ആഷ്‌ലി ബാർട്ടിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 2016-ൽ യു.എസ്.ഓപ്പണിന്റെ ഫൈനലിലും പ്ലിസ്‌കോവ കളിച്ചിരുന്നു. അന്ന് ഏയ്ഞ്ചലിക് കെർബറോടാണ് തോറ്റത്.
പ്ലിസ്‌കോവയെക്കൂടാതെ ഇതിഹാസ താരങ്ങളായ സെറീന വില്യംസ്, റോജർ ഫെഡറർ തുടങ്ങിയവരും ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ജനുവരി 17 നാണ് ആസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്