
ന്യൂഡൽഹി: ട്രെയിനിനുള്ളിൽ പുകവലിച്ചതിന് റെയിൽവേ പൊലീസ് പിഴ ഈടാക്കിയതിന്റെ വിരോധത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യാത്രക്കാരൻ. ന്യൂഡൽഹി - ബംഗളൂരു കർണാടക എക്സ്‌പ്രസിനുള്ളിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ട്രെയിനിൽ ബോംബ് വച്ചതായി ആഗ്ര ആർ.പി.എഫിന് അജ്ഞാത സന്ദേശം ലഭിച്ചത്.
തുടർന്ന്, വിവിധ സ്റ്റേഷനുകളിലായി റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടറുകളും ഡോഗ് സ്ക്വാഡും ഉൾപ്പെടെ കർണാടക എക്സ്‌പ്രസിന്റെ എല്ലാ കോച്ചുകളിലും പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെയോളം തെരഞ്ഞെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തിന്റെ ചുരുളഴിയുന്നത്. ബംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ ട്രെയിനിൽ പരിശോധനകൾ തുടർന്നിരുന്നു.
പുകവലിച്ചതിന് ആഗ്രാ സ്റ്റേഷനിൽ വച്ച് പിഴ ഈടാക്കപ്പെട്ടതിന്റെ ദേഷ്യത്തിൽ യാത്രക്കാരൻ ഡൽഹിയിലുള്ള തന്റെ സഹോദരനെ വിളിച്ചു പറയുകയും ഇയാൾ ആർ.പി.എഫിന് വ്യാജ ബോംബ് സന്ദേശം നൽകുകയുമായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.