
തിരുവനന്തപുരം: ഒറ്റ ദിവസം തന്റെ മൂന്ന് ചിത്രങ്ങളുടെ സെൻസറിംഗ് പൂർത്തിയാക്കി സംവിധായകൻ ജയരാജ്. അവൾ, നിറയെ തത്തകൾ ഉള്ള മരം, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളാണ് ബുധനാഴ്ച തിരുവനന്തപുരത്ത് സെൻസർ ബോർഡ് സെൻസർ ചെയ്തത്. ലെനിൻ സിനിമാസിൽ രാവിലെ എട്ടിനും പത്തിനും ഉച്ചയ്ക്ക് രണ്ടിനുമായിരുന്നു സ്ക്രീനിംഗ്. ജനുവരിക്കും സെപ്തംബറിനും ഇടയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് ചിത്രങ്ങളാണ് ജയരാജ് സംവിധാനം ചെയ്തത്.
ടി.പദ്മനാഭന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ പ്രകാശം പരത്തുന്ന പെൺകുട്ടി, എം.ടിയുടെ കഥയിൽ ഒരുങ്ങിയ സ്വർഗം തുറക്കുന്ന സമയം, ജയരാജ് തന്നെ രചന നിർവഹിച്ച നിറയെ തത്തകളുള്ള മരം, അവൾ, പ്രമദവനം എന്നിങ്ങനെ അഞ്ചുചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ മൂന്നെണ്ണത്തിന്റെ സെൻസറിംഗാണ് കഴിഞ്ഞദിവസം നടന്നത്. നടൻ നെടുമുടിവേണു അവസാനമായി അഭിനയിച്ചത് സ്വർഗം തുറക്കുന്ന സമയത്തിലാണ്.