
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് ബി ജെ പി എം പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. ഇതിനുവേണ്ടി വിമാനത്താവളത്തിൽ വി ഐ പി ലോഞ്ചിൽ ചെന്നിരുന്ന് വിശ്രമിക്കാതെ സാധാരണ ജനങ്ങൾക്കൊപ്പം വരി നിൽക്കാനും ദിവസവും കൂടുതൽ ആൾക്കാരെ പരിചയപ്പെടാനും കായിക സാംസ്കാരിക പ്രവർത്തനങ്ങൾ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കാനും മോദി നിർദ്ദേശിച്ചു. ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ബി ജെ പി എം പിമാരുമായുള്ള യോഗത്തിൽ വച്ചായിരുന്നു മോദിയുടെ നിർദ്ദേശം.
ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കുകയെന്നത് വളരെ പ്രധാനമാണെന്നും അതിന് അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ഒരു ബി ജെ പി നേതാവ് പറഞ്ഞു. വിമാനത്താവളങ്ങളിൽ വരി നിൽക്കുമ്പോൾ ജനങ്ങളുമായി കൂടുതൽ സംസാരിക്കുകയും അവർക്ക് സർക്കാരിലുള്ള പ്രതീക്ഷകളേയും അവരുടെ ആവശ്യങ്ങളേയും കുറിച്ച് വിശദമായി ചോദിച്ച് മനസിലാക്കുകയും വേണമെന്ന് മോദി പറഞ്ഞതായി നേതാവ് പറഞ്ഞു.