justice-pushpa

ന്യൂഡൽഹി: പോക്സോ കേസുകളിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്‌ജി പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു.

ഇതോടെ അടുത്ത ഫെബ്രുവരിയിൽ അഡിഷണൽ ജഡ്ജി കാലാവധി പൂർത്തിയാകുന്ന ജസ്റ്റിസ് പുഷ്പ, ജില്ലാ ജഡ്ജിയായി മടങ്ങേണ്ടി വരും.

ചർമ്മത്തിൽ നേരിട്ട് സ്പർശിക്കാതെ, വസ്ത്രത്തിന് മുകളിലൂടെ ശരീരത്തിൽ തൊടുന്നത് ലൈംഗിക പീഡനമാകില്ലെന്ന് പറഞ്ഞ് പോക്സോ കേസിൽ 39കാരനെ വെറുതേവിട്ട ജസ്റ്റിസ് പുഷ്പയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

വിവാദ വിധി വന്ന് ഒൻപത് ദിവസം പിന്നിടവേ, അഞ്ചു വയസുകാരിയുടെ കൈ പിടിച്ച് പാന്റ്സിന്റെ സിപ് തുറന്നത് പോക്സോ കേസായി കണക്കാക്കാനാവില്ലെന്ന് കാട്ടി 50കാരനെയും ജസ്റ്റിസ് പുഷ്പ കുറ്റവിമുക്തനാക്കിയിരുന്നു. വൻ വിവാദമായതോടെ ഈ വിധിയും സുപ്രീംകോടതി റദ്ദാക്കി. തുടർന്ന്, പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാൻ കേന്ദ്ര സർക്കാരിനയച്ച ശുപാർശ സുപ്രീംകോടതി കൊളീജിയം കഴിഞ്ഞ വർഷം തിരിച്ച് വിളിച്ചിരുന്നു.

തുടർന്ന് അഡിഷണൽ ജഡ്ജിയായി രണ്ട് വർഷം കൂടി കാലാവധി നീട്ടി നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള കൊളീജിയം ശുപാർശ ചെയ്തു. എന്നാൽ കേന്ദ്രസർക്കാർ ഒരു വർഷം മാത്രമേ നീട്ടി നൽകിയുള്ളൂ. ഈ കാലാവധി അടുത്ത ഫെബ്രുവരിയിൽ അവസാനിക്കും.
2007 ലാണ് ജില്ലാ ജഡ്ജിയായി പുഷ്പ വി. ഗനേഡിവാല നിയമിതയാകുന്നത്. മുംബയിലെ സിറ്റി സിവിൽ കോടതിയിലും, നാഗ്പൂരിലെ ജില്ലാ കുടുംബ കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് നാഗ്പൂരിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ബോംബെ ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറലായിട്ടും പ്രവർത്തിച്ചിട്ടുണ്ട്.